തലശ്ശേരി ഇരട്ടക്കൊല കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍. തലശ്ശേരി ഇരട്ടക്കൊലക്കേസില്‍ പോലീസ് ഏഴുപേരെ അറസ്റ്റ് ചെയ്തു. പോലീസ് അറസ്റ്റ് ചെയ്ത അഞ്ചുപേര്‍ കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തെന്നും രണ്ടുപേര്‍ സഹായം ചെയ്‌തെന്നും കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അജിത് ബാബു പറഞ്ഞു. കൊല്ലപ്പെട്ട കെ ഖാലിദിനെയും പൂവനായി ഫെമീറിനെയും കുത്തിയത് മുഖ്യപ്രതി നിട്ടൂര്‍ സ്വദേശി പാറായി ബാബുവെന്നും പോലീസ് അറിയിച്ചു. ലഹരി വില്‍പന ചോദ്യം ചെയ്തതാണോ പ്രകോപനമെന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

അഞ്ചു സംഘങ്ങളായി തിരിഞ്ഞ് പോലീസ് നടത്തിയ പരിശോധനയില്‍ പാറായി ബാബു നേരത്തേ പിടിയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. നിട്ടൂര്‍ ചിറമ്മല്‍ ഭാഗത്ത് വച്ച് ഷമീറിന്റെ മകന്‍ ഷബീലിനെ ഒരു സംഘം അടിച്ചു പരുക്കേല്‍പ്പിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ എത്തിയതായിരുന്നു കൊല്ലപ്പെട്ട ഖാലിദും ഷമീറും. ഇതിനിടെ അക്രമി സംഘാംഗങ്ങളില്‍ ഒരാള്‍ ആശുപത്രിയില്‍ എത്തി കേസ് ആക്കരുതെന്നും പറഞ്ഞു തീര്‍ക്കാമെന്നും പറഞ്ഞു ഇവരെ പുറത്തേക്ക് വിളിച്ചു കൊണ്ടുപോയി. ഓട്ടോറിക്ഷയില്‍ കാത്തുനിന്ന മറ്റു മൂന്നു പേരും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പരാതി.