ഇടുക്കിയില്‍ പീഡനത്തിനിരയായതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരി മരിച്ചു

ഇടുക്കിയില്‍ പീഡനത്തിനിരയായതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. ഒക്ടോബര്‍ 22നാണ് പതിനേഴു വയസ്സുകാരിയായ പെണ്‍കുട്ടി വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഉടന്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയിരുന്നു. ഇവിടെ വെച്ച് ആരോഗ്യനില മോശമായതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആത്മഹത്യാ ശ്രമത്തിനിടെ പെണ്‍കുട്ടിക്ക് 65 ശതമാനം പൊള്ളലേറ്റിരുന്നു.

അയല്‍വാസിയായ യുവാവ് പീഡിപ്പിച്ചതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തിയതെന്നാണ് വിവരം. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് അയല്‍വാസിയായ നരിയമ്പാറ സ്വദേശി മനു മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ്ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. പീഡനവിവരം പുറത്ത് വന്നതിനെത്തുടര്‍ന്ന് ഇയാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.