പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലേ, എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യണം

കൊച്ചി : പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് കെഎസ്ഐഡിസിയെന്നും അന്വേഷണത്തെ എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ കെഎസ്ഐഡിസി ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം. അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്നു ഹർജി ആദ്യം പരിഗണിച്ചപ്പോൾ തന്നെ കോടതി അറിയിച്ചിരുന്നു. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ അറിവില്ലെന്നും വിവാദമുണ്ടായപ്പോൾ തന്നെ സിഎംആർഎലിനോട് ഓഹരിപങ്കാളിയെന്ന നിലയിൽ വിശദീകരണം ചോദിച്ചിരുന്നെന്നും കെഎസ്ഐഡിസി വ്യക്തമാക്കി.

കെഎസ്ഐഡിസിയുടെ ഹർജിയിൽ കക്ഷിചേരാൻ ഷോൺ ജോർജ് നൽകിയ അപേക്ഷയും അനുവദിക്കരുതെന്നുള്ള കെഎസ്ഐഡിസിയുടെ എതിർ സത്യവാങ്മൂലവും ഹൈക്കോടതി പരിശോധിക്കും. തങ്ങൾക്കു ബന്ധമില്ലെന്നതിനാൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാണു കെഎസ്ഐഡിസിയുടെ ആവശ്യം.