ഭക്ഷണത്തോടൊപ്പം സാനിറ്ററി നാപ്കിനുകളും അടിവസ്ത്രങ്ങളും അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പിലെത്തിക്കണം

ആഹാരസാധനങ്ങള്‍ക്കൊപ്പം ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യാന്‍ അടിവസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളും അടിയന്തരമായി എത്തിക്കണമെന്ന അഭ്യര്‍ഥനയുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍.

ഇന്നലെ അയ്യായിരം പേരാണ് ഇതിനെല്ലാം ആവശ്യക്കാര്‍ എങ്കില്‍ ഇന്ന് അത് പതിനായിരമോ അതില്‍ കൂടുതലോ ആകാം. ചിലപ്പോള്‍ വരുന്ന കുറച്ചു ദിവസത്തേക്ക് നമ്മുടെ അവസ്ഥ ഇതാകുമെന്നും ഷാന്‍ റഹ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബ്രെഡ്, ബിസ്‌കറ്റ്, ശുദ്ധ ജലം എന്നിവയ്ക്ക് ഒപ്പം തന്നെ മറ്റു ചില വസ്തുക്കളും കൂടി അത്യാവശ്യമാണ്. സാനിറ്ററി നാപ്കിനുകള്‍, അടിവസ്ത്രങ്ങള്‍, പുതപ്പ്, ഡയപ്പറുകള്‍ അങ്ങനെ നിരവധി വസ്തുക്കള്‍ നമുക്ക് ആവശ്യമുണ്ട്.

കഴിയുന്ന സഹായം നല്‍കണമെന്നും ഷാന്‍ റഹ്മാന്‍ അഭ്യര്‍ഥിച്ചു. ഇന്‍ഫോ പാര്‍ക്കിലെ ചില്ലാക്‌സിലാണ് സഹായം എത്തിക്കേണ്ടത്. അവിടെ നിന്നും ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇവ എത്തിക്കുമെന്നും ഷാന്‍ റഹ്മാന്‍ അറിയിച്ചു.

സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്. ഇന്നലെ മാത്രം എറണാകുളം ജില്ലയിലെ വിവിധ ദുരാതാശ്വാസ ക്യാംപുകളിലായി അയ്യായിരത്തിലധികം ആളുകള്‍ക്കാണ് ഭക്ഷണം എത്തിച്ചത്. വെള്ളപ്പൊക്കം ബാധിച്ചില്ലെന്നു പറഞ്ഞ് നമുക്കു മാറിനില്‍ക്കാനാകില്ല. കാരണം നമ്മുടെ ചുറ്റിലുമുള്ള നിരവധി പേര്‍ ദുരിതം അനുഭവിക്കുകയാണ്. ഒരു കുടുംബം പോലെ ഒരുമിച്ചു നിന്ന് നമുക്ക് ഈ അവസ്ഥയെ നേരിടാമെന്നും ഷാന്‍ റഹ്മാന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.