മകനെ നാട്ടിലേക്ക് പറഞ്ഞയക്കണം, ഇന്ന് തൊട്ട് പാല് കൊടുക്കല്‍ നിറുത്തണം, ഇത്രയും കേട്ടപ്പോഴേക്കും ഞാനാകെ തളര്‍ന്നു, ഷബ്‌നയുടെ ജീവിതം

കാന്‍സറിനെതിരെ പോരാടി ജീവിക്കുന്ന പലരും നമുക്ക് ചുറ്റിനുമുണ്ട്. മഹാ രോഗത്തോട് പോരാടണമെങ്കില്‍ തന്നെ വലിയ മനക്കരുത്ത് വേണം. ഇപ്പോള്‍ തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഷബ്‌ന സമാന്‍ എന്ന യുവതി. കേരള കാന്‍സര്‍ ഫൈറ്റേഴ്‌സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്‌സ് ഗ്രൂപ്പിലാണ് ഷബ്‌ന തന്റെ ജീവിതം തുറന്നെഴുതിയത്. ഇന്ന് എനിക്ക് ക്യാന്‍സര്‍ നോട് വല്ലാത്ത ബഹുമാനവും പ്രണയവും തോന്നുന്നു. എന്നെ ജീവിക്കാന്‍ പഠിപ്പിച്ചതിന് ഞാന്‍ എന്താണ് എങ്ങിനെ ആണ് എന്ന് സ്വയം വിലയിരുത്താന്‍ പഠിപ്പിച്ചതിന്. കൂടെ നിന്നവരെ ചേര്‍ത്ത് നിറുത്തിയവരെ തള്ളിപ്പറഞ്ഞവരെ മനസ്സിലാക്കി തന്നതിന്.ഏത് പ്രതിസന്ധി ഘട്ടത്തെയും തളരാതെ അതിജീവിച്ചു മുന്നേറാന്‍ പഠിപ്പിച്ചതിന്.ചേര്‍ത്ത് നിറുത്താന്‍ ഒരുപാട് നല്ല വ്യക്തിത്വത്തിന് ഉടമകള്‍ ഉണ്ട് എല്ലാവരുടെയും ജീവിതത്തില്‍. അത് മനസ്സിലാക്കി ജീവിച്ചാല്‍ നമ്മള്‍ തോല്‍ക്കില്ല. എല്ലാവര്‍ക്കും ഒരുപാട് നന്മകള്‍ നേരുന്നു ജീവിതത്തില്‍ എന്തൊക്കെ പരീക്ഷണങ്ങള്‍ ദൈവം തന്നാലും അതെല്ലാം നമുക്ക് ക്ഷമയോടെ നേരിടാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ടാകും.-ഷബ്‌ന ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം, കല്യാണം കഴിഞ്ഞു ഒരു വര്‍ഷം കഴിയുമ്പോഴേക്കും ഇരട്ടി മധുരമായി ഞങ്ങളുടെ ജീവിതത്തിലേക്ക് ദൈവം ഒരു മകനെ തന്നു. സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകുമ്പോള്‍ ആഗ്രഹിച്ചിരുന്ന ഒരു ജോലിയും സ്വന്തമാക്കി. ആ നിമിഷങ്ങള്‍ക്ക് അല്പായുസ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് പിന്നീട് ആണ് മനസ്സിലാക്കിയത്. 2 മാസം മാത്രം ആയിരുന്നു ജോലിയില്‍ തുടര്‍ന്നത്. അപ്പോഴേക്കും ശരീരം ചില ലക്ഷണങ്ങളൊക്കെ പ്രകടിപ്പിക്കാന്‍ തുടങ്ങി. ചെറിയ വിറയല്‍ പനിയുടെയും കൈകടച്ചിലിന്റെയും രൂപത്തില്‍ അവനങ്ങനെ ആടിത്തിമിര്‍ത്തു. വെയ്റ്റ് നന്നായി കുറഞ്ഞു. ഇത്രയും ലക്ഷങ്ങളൊക്കെ പ്രകടിപ്പിച്ചിട്ടും അവഗണിച്ചത് കൊണ്ടായിരിക്കണം തൊലിയിലൊക്കെ കറുപ്പ് നിറത്തില്‍ പാടുകള്‍ കാണപ്പെട്ടു.

ദൈവമേ… എന്താണിത് എന്റെ ശരീരത്തില്‍ എവിടെ നുള്ളിയാലും അവിടെയൊക്കെ നീല നിറത്തിലുള്ള പാടുകള്‍ പ്രത്യക്ഷപെട്ടു തുടങ്ങി. വേഗം തന്നെ ഭര്‍ത്താവിന്റെയും മോന്റെയും കൂടെ അടുത്തുള്ള ക്ലിനിക്കില്‍ പോയി. പിന്നീട് എല്ലാം വളരെ പെട്ടന്നായിരുന്നു. Amala ഹോസ്പിറ്റലില്‍ നിന്ന് bornmarrow കഴിഞ്ഞു നേരെ Rcc യിലേക്ക്. ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു രാത്രി. ഇരുള്‍ മുറ്റിയ ആ രാത്രിയില്‍ ആകാശ നീലിമയില്‍ പൗര്‍ണ്ണമി തെളിയുന്നെയില്ല .കണ്ണ് ചിമ്മാത്ത നക്ഷത്രങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നു. അങ്ങുമിങ്ങും ചീറി പാഞ്ഞു വരുന്ന വാഹനങ്ങള്‍ ഉറക്കം വരുന്നേ ഇല്ല. മോനെ ചേര്‍ത്ത് പിടിച്ചു കണ്ണുകള്‍ അടച്ചു നോക്കി പക്ഷേ എനിക്ക് ഇന്ന് മുതല്‍ ഉറക്കമില്ലാത്ത രാത്രികള്‍ തന്നെയാണെന്ന് മനസ്സിലാക്കി. 2014, march 4 നേരം വെളുക്കുന്നതേ ഉള്ളൂ പരിചയമില്ലാത്ത സ്ഥലത്തായത് കൊണ്ട് തന്നെ എന്ത് ചെയ്യണം എവിടെ പോകണം എന്നറിയാതെ നില്‍ക്കുമ്പോള്‍ ഒരാള്‍ ഞങ്ങള്‍ക്കടുത്തേക്ക് വന്നു കാര്യങ്ങളെല്ലാം അന്നെഷിച്ചു ഒരു റൂം റെഡിയാക്കി തന്നു.ഉമ്മാക്ക് ഒന്നും മനസ്സിലാക്കാതെ പകച്ചു നില്‍ക്കുന്നു. ഇക്ക കൂടെ ഉള്ളത് കൊണ്ടായിരിക്കണം വല്ലാത്തൊരു ധൈര്യം.

ചികിത്സക്ക് മുമ്പായി dr. വിളിച്ചു കാര്യങ്ങളെല്ലാം എന്നോട് തന്നെ പറഞ്ഞു തുടങ്ങി Acute promyelocytic leukaemia (APML) എന്ന അസുഖം ആണ് 6 മാസത്തില്‍ കൂടുതല്‍ സമയം എടുക്കും ട്രീറ്റ്‌മെന്റ് കഴിയാന്‍. Chemo തുടങ്ങിയാല്‍ മുടിയും പുരികവും കണ്‍പീലിയുമെല്ലാം നഷ്ടമായേക്കും. ചികിത്സക്ക് ശേഷം തിരിച്ചു വരികയും ചെയ്യും. തത്കാലം മകനെ നാട്ടിലേക്ക് പറഞ്ഞയക്കണം. ഇന്ന് തൊട്ട് പാല് കൊടുക്കല്‍ നിറുത്തണം. ഇത്രയും കേട്ടപ്പോഴേക്കും ഞാനാകെ തളര്‍ന്നു. ഒമാനിച്ചു വളര്‍ത്തിയ മുടി പോകുന്നതിലൊന്നും വിഷമം തോന്നിയില്ല. മകനെ എന്നില്‍ നിന്നും അടര്‍ത്തിമാറ്റി കൊണ്ടുപോകുന്നത് ചിന്തിക്കുന്നതിലും അപ്പുറം ആയിരുന്നു. എന്റെ അഭിപ്രായത്തിനായി dr സമയം തന്നപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് മരിക്കാന്‍ ഭയമില്ല ചികിത്സ വേണ്ട ഡോക്ടര്‍ അതുവരെ എങ്കിലും എനിക്ക് മോന്റെ കൂടെ സന്തോഷത്തോടെ കഴിയണം. അവനെ നെഞ്ചോട് ചേര്‍ത്ത് കിടത്തണം അവനില്ലാതെ എനിക്ക് പറ്റില്ല. Dr പറഞ്ഞു ഞാന്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കണം അതിന് ശേഷം നല്ല തീരുമാനം എടുക്കാന്‍ ആവശ്യപ്പെട്ടു. ചികില്‍സിക്കാതെ ഇതുപോലെ പോകുകയാണെങ്കില്‍ ഇനി ഒരിക്കലും മോനെ കാണാനും നെഞ്ചോട് ചേര്‍ക്കാനും നിനക്ക് സാധിക്കില്ല അപ്പോഴേക്കും ആരോഗ്യമെല്ലാം നഷ്ടപ്പെട്ടു പോകും. ഇനിയുള്ള യാത്ര വളരെ കഠിനമായിരിക്കും. അസുഖം പൂര്‍ണ്ണമായും മാറ്റിത്തരാന്‍ എന്നെകൊണ്ട് സാധിക്കും. പിന്നീട് അങ്ങോട്ട് എന്റെ ഏറ്റവും പ്രിയപ്പെട്ട dr ആയി മാറി prakash sir.

അഡ്മിഷനായി വാര്‍ഡില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തി. ഉമ്മ അപ്പോള്‍ തന്നെ തലകറങ്ങി വീണു. എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുന്നവരും,വീല്‍ ചെയറില്‍ പോകുന്നവരും മൊട്ടയായി ക്ഷീണിച്ചു പേടി പെടുത്തുന്ന രൂപത്തിലുള്ളവരും.പല അവയവങ്ങളും നഷ്ടമായവരും. ഇതെന്താ ഞാന്‍ സ്വപ്നം കാണുകയാണോ ഞാനും ഇതുപോലെ തന്നെ ആകില്ലേ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ലോകത്താണോ ഒന്നും മനസ്സിലാകുന്നില്ല.എന്ത് വന്നാലും മുന്നോട്ട് തന്നെ. ഇക്കയുടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു ആദ്യ ചുവട് വെയിപ്പ് തന്നെ icu വിലേക്കായിരുന്നു.

ഇതിനിടക്ക് മോനെ നാട്ടിലേക്ക് കൊണ്ടുപോയി. അവനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം ആയി നീറി നീറി ദിവസങ്ങള്‍ തള്ളിനീക്കി. ആശ്വാസമായി എപ്പോഴും ഇക്കയും ഉമ്മയും കൂടെ ഉണ്ടായിരുന്നു. Chemo തുടങ്ങിയതിന് ശേഷം മുടിയെല്ലാം കൊഴിഞ്ഞു തുടങ്ങി. വിഷമം തോന്നിയില്ല. എന്റെ പൊന്നുമോനെ പിരിഞ്ഞു നിക്കുന്നതിന്റെ അത്ര നോവൊന്നും മുടി പോയപ്പോള്‍ തോന്നിയില്ല. എല്ലാത്തിനോടും പൊരുത്തപ്പെട്ടു തുടങ്ങി. വേദനകളൊക്കെ ശീലമായി. നെഞ്ചോക്കെ കത്തികൊണ്ട് കുത്തി നോവിക്കുന്ന രീതിയില്‍ chemo മരുന്നു ശരീരത്തിലൂടെ ഓടി നടന്നു. എഴുന്നേക്കാന്‍ പറ്റാതെ ആയി. ഒരു കയ്യിലെ ചലനം നഷ്ടപ്പെട്ടു. പരസഹായമില്ലാതെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ ആയി. ഭക്ഷണം വാരി തന്നും ശര്‍ദിച്ചത് വൃത്തിയാക്കിയും എന്റെ എല്ലാ ആവശ്യങ്ങളും ഒരു മടിയും ഇല്ലാതെ ചെയ്ത് ഇക്കയും ഉമ്മയും കൂടെ നിന്നു. തൊലിയും നഖവുമെല്ലാം കറുത്തിരുണ്ടു. ആരും കണ്ടാല്‍ പേടിച്ചു പോകുന്ന രൂപം മാത്രമായി. കണ്ണിന് മാത്രം ഒരു മാറ്റവും തോന്നിയില്ല. കണ്ണാടിക്ക് മുമ്പില്‍ നില്‍ക്കാന്‍ തന്നെ തോന്നിയില്ല. സ്‌നേഹത്തിന്റെ ആഴം മനസ്സിലാക്കി തന്ന നിമിഷങ്ങള്‍. നാട്ടില്‍ നിന്ന് എപ്പോഴും പ്രിയപ്പെട്ടവരുടെ call കളും പ്രാര്‍ത്ഥനകളും. Blood തരാനായി ഒരുപാട് പേരുടെ സഹായങ്ങള്‍. എന്റെ ഉപ്പയുടെയും sisters ന്റെയും നെഞ്ച് പൊട്ടിയുള്ള വിങ്ങലുകള്‍. അങ്ങനെ ആദ്യ കോഴ്‌സ് കഴിഞ്ഞു ഡിസ്ചാര്‍ജ് ചെയ്തു അവിടെ അടുത്ത് വീട് എടുത്തു നിന്നു. 3 മാസത്തിനു ശേഷം മോനെ ഞങ്ങളുടെ അടുത്തേക്ക് കൊണ്ടുവന്നു. ട്രീറ്റ്‌മെന്റ് എല്ലാം കഴിഞ്ഞു 9 മാസത്തിനു ശേഷം ആണ് വീണ്ടും നാട്ടിലേക്ക് വരാന്‍ സാധിച്ചത്. ഇപ്പോ 7 വര്‍ഷം ആകുന്നു follow up തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

ഇന്ന് എനിക്ക് ക്യാന്‍സര്‍ നോട് വല്ലാത്ത ബഹുമാനവും പ്രണയവും തോന്നുന്നു…… എന്നെ ജീവിക്കാന്‍ പഠിപ്പിച്ചതിന് ഞാന്‍ എന്താണ് എങ്ങിനെ ആണ് എന്ന് സ്വയം വിലയിരുത്താന്‍ പഠിപ്പിച്ചതിന്.കൂടെ നിന്നവരെ ചേര്‍ത്ത് നിറുത്തിയവരെ തള്ളിപ്പറഞ്ഞവരെ മനസ്സിലാക്കി തന്നതിന്.ഏത് പ്രതിസന്ധി ഘട്ടത്തെയും തളരാതെ അതിജീവിച്ചു മുന്നേറാന്‍ പഠിപ്പിച്ചതിന്.ചേര്‍ത്ത് നിറുത്താന്‍ ഒരുപാട് നല്ല വ്യക്തിത്വത്തിന് ഉടമകള്‍ ഉണ്ട് എല്ലാവരുടെയും ജീവിതത്തില്‍.അത് മനസ്സിലാക്കി ജീവിച്ചാല്‍ നമ്മള്‍ തോല്‍ക്കില്ല.എല്ലാവര്‍ക്കും ഒരുപാട് നന്മകള്‍ നേരുന്നു ജീവിതത്തില്‍ എന്തൊക്കെ പരീക്ഷണങ്ങള്‍ ദൈവം തന്നാലും അതെല്ലാം നമുക്ക് ക്ഷമയോടെ നേരിടാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ടാകും ഞങ്ങളുടെ കേരള ക്യാന്‍സര്‍ fighters എന്ന കൂട്ടായിമ ഒരുപാട് പേര്‍ക്ക് വലിയ പ്രചോദനവും ആശ്വാസവുമായി മുന്നേറികൊണ്ടിരിക്കുകയാണ്. ഇങ്ങനെ ഒരു കൂട്ടായിമയില്‍ അംഗം ആകാന്‍ കഴിഞ്ഞതില്‍ ഞങ്ങളുടെ നന്ദുവിനോടും lekha അമ്മയോടും പറഞ്ഞറിയിക്കാന്‍ കഴിയാത്ത അത്രയും നന്ദിയും സ്‌നേഹവും ഉണ്ട് നമ്മുടെ പ്രിയപ്പെട്ട നന്ദു പറയുന്നത് പോലെ ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം പുകയാതെ ജ്വലിക്കും… മുന്നേറുക തന്നെ ചെയ്യും