ഭഗത് സിങ് ദമ്പതികളെ ഷാഫി സാമ്പത്തികമായി പരമാവധി ഊറ്റി, കാൽക്കോടിയുടെ കടം

പത്തനംതിട്ട. ഭഗത് സിങ് കുടുംബത്തോട് അടുപ്പം കാണിച്ച് ഇരട്ട നരബലി കേസിലെ മുഖ്യ പ്രതി ഷാഫി ദമ്പതികളെ സാമ്പത്തികമായി ഊറ്റിയെടുക്കുകയായിരുന്നു. ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ പ്രതികളായ ഭഗവൽ സിംഗിനും ഭാര്യയ്ക്കും കാൽക്കോടിയുടെ കടം. ഇലന്തൂരിലെ രണ്ട് സഹകരണ ബാങ്കുകളിൽ നിന്ന് പതിനെട്ട് ലക്ഷം രൂപയാണ് ഇവർ വായ്‌പയെടുത്തത്. മറ്റ് പലരിൽ നിന്നായി അഞ്ച് ലക്ഷത്തിലേറെ കടം വാങ്ങിയിട്ടുണ്ട്. ഇതെല്ലാം ഷാഫിയെ സഹായിക്കാൻ ലൈല മുൻകൈയെടുത്ത് വാങ്ങിയതാണെന്ന വിവരമാണ് പുറത്ത് വരുന്നത്. ഷാഫിയുടെ കിടക്ക പങ്കിടാൻ തുടങ്ങിയതിൽ പിന്നെ അയാളുടെ ആവശ്യങ്ങൾക്കായി പണമുണ്ടാക്കി കൊടുക്കാനുള്ള ഓട്ടത്തിലായിരുന്നു ലൈല.

ലൈലയുടെ അവിവാഹിതനായ സഹോദരന്റെ ഭൂമി പണയംവച്ചും ലൈല കടമെടുക്കുകയുണ്ടായി. ഈ ബാദ്ധ്യതകളെല്ലാം മറി കടക്കാനുള്ള എളുപ്പവഴിയായാണ് ഭഗവലിന്റെ കുടുംബത്തോട് ഷാഫി നരബലി നടത്താൻ നിർദേശിച്ചതെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. ഏറെക്കാലമായി ലൈലയുടെ അടുപ്പത്തിലായിരുന്ന ഷാഫി പല തവണയായി ഇവരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു.

ഇതിനിടെ, ഇലന്തൂർ ഇരട്ട ആഭിചാര കൊലക്കേസ് പ്രതികളെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടു. പ്രതികളായ മുഹമ്മദ് ഷാഫി, ലൈല, ഭഗവൽ സിംഗ് എന്നിവരെ 12 ദിവസത്തേക്കാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. ബുധനാഴ്ച പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു.

12 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആയിരുന്നു അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടത്. സമഗ്ര അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കുകയായിരുന്നു. ഇത് പൂർണമായും കോടതി അംഗീകരിച്ചു. തുടർന്നാണ് 12 ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ഇലന്തൂരിലേത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണെന്നും, കൂടുതൽ നിർണായക വിവരങ്ങൾ ഇനിയും പുറത്തുവരാൻ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.