അച്ഛനെ കാണാന്‍ ദുബായ്ക്ക് പോയി, മടങ്ങിവരവ് മരണത്തിലേക്ക്

അപകടത്തില്‍ മരിച്ച ശാന്ത, രാജീവന്‍ ചക്കരപ്പരമ്പ്, ജാനകി, സഹീര്‍ സെയ്ദ്, മനാല്‍ അഹമ്മദ്, മനാല്‍ അഹമ്മദ്

തിരൂര്‍: കോഴിക്കോട് കരിപ്പൂര്‍ വിമാന താവളത്തില്‍ ഉണ്ടായ അപകടത്തിന്റെ ആഘാതത്തിലാണ് ഏവരും. കോവിഡ് കാലത്ത് ദുബായില്‍ പെട്ട് പോയവരും ജോലിയും കൂലിയും പോയി നാട്ടിലേക്ക് തിരിച്ചവരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഗര്‍ഭിണികളും പിഞ്ച് കുഞ്ഞുങ്ങളും യാത്ര സംഘത്തിലുണ്ടായിരുന്നു. പലരുടെയും വിയോഗം ഉറ്റവര്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല.

ലാന്‍ഡിങിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്ക് ആണ് പതിച്ചത്. അപകടത്തില്‍ ജീവന്‍ നഷ്ടമായവരില്‍ മലപ്പുറം തെക്കന്‍കുറ്റൂര്‍ ചെവപ്ര സെയ്തുട്ടിയുടെ മകന്‍ സഹീര്‍ സെയ്ദും(38), മതാവ് സഹോദരി, സഹോദരിയുടെ രണ്ട് മക്കള്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. ദുബായിലെ ദേരയിലുള്ള പിതാവിനെ കാണാനായി ഒരു വര്‍ഷം മുമ്പ് വിസിറ്റിങ് വീസയില്‍ പോയതായിരുന്നു ഇവര്‍.

സഹീര്‍ സെയ്ദിന്റെ പിതാവ് സെയ്തുട്ടി ദുബായ് ദേരയിലെ ഒരു കമ്പനിയില്‍ പിആര്‍ഒ ആയി ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി വീസ നീട്ടി അദ്ദേഹത്തിനൊപ്പം താമസിച്ച് വരികയായിരുന്നു. മൂന്ന് മാസം മുമ്പ് നാട്ടിലേക്ക് വരാനിരുന്നതായിരുന്നു എന്നാല്‍ കോവിഡും ലോക്ഡൗണും കാരണം വിമാനങ്ങള്‍ റദ്ദാക്കിയതോടെ യാത്ര മുടങ്ങി.

 

അനിയനും കുടുംബവും അബുദാബി ബനിയാസിലാണ്. അവരെയെല്ലാം കണ്ടതിനു ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മാതാവ് മറിയം, സഹോദരി ഫൈസ, സഹോദരിയുടെ മക്കളായ ഹുദൈഫ അനസ്, ഫിദ അനസ് എന്നിവരാണ് വിമാനത്തില്‍ കൂടെയുണ്ടായിരുന്നത്.