ഷഹനയുടെ മരണം കേരളാ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണം, മുഖ്യമന്ത്രിക്ക് കത്ത് നല്കുമെന്ന് സഹോദരന്‍

തിരുവനന്തപുരം. തന്റെ സഹോദരിക്ക് നീതി കിട്ടണം, കേസ് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ കേരളാ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന് സഹോദരന്‍ ജാസിം പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് കത്തുനല്‍കുമെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേസ് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വയ്ക്കണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തനാണ്. കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അറിയണം. കേസ് കേരളാ പൊലീസ് തന്നെ അന്വേഷിച്ചാല്‍ മതിയെന്നും ജാസിം മാധ്യങ്ങളോട് പറഞ്ഞു.

അതേസമയം, ആത്മഹത്യ ചെയ്ത ഷഹനയുടെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സന്ദര്‍ശനം. സ്ത്രീധനത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പെണ്‍കുട്ടികള്‍ തയാറാകണമെന്ന് ഗവര്‍ണര്‍ സന്ദര്‍ശനത്തിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു.

ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് വൈകിയെങ്കില്‍ റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് പണം ആവശ്യപ്പെടുന്നത് ക്രൂരമായ സമ്പ്രദായമാണ്. സ്ത്രീധനത്തിനെതിരെ ബോധവത്കരണം നടത്തണമെന്നും ഈ സമ്പ്രദായം കേരളത്തിന് ഗുണകരമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ ധൈര്യം കാണിക്കണമെന്നും മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.