ദിലീപോ ബിനീഷോ അല്ല പുറത്താകേണ്ടത്, മറിച്ച് സ്ഥാനത്ത് ഇരിക്കുന്ന ചിലരാണ്, ഷമ്മി തിലകന്‍ പറയുന്നു

താരസംഘടനയായ അമ്മയില്‍ ബിനീഷ് കോടിയേരിയെ ചൊല്ലി വാക്കേറ്റം ഉണ്ടായി. ബിനീഷിനെ അമ്മയില്‍ നിന്നും പുറത്താക്കണമെന്ന് ഒരു വിഭാഗം നിലപാടെടുത്തു. എന്നാല്‍ ഗണേഷും മുകേഷും ബിനീഷിനെ പുറത്താക്കുന്നതിനെ എതിര്‍ത്തു ഇതോടെയാണ് സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വാക്കേറ്റം ഉണ്ടായത്.ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. ദിലീപോ ബിനീഷോ അല്ല പുറത്താകേണ്ടത്, മറിച്ച് സ്ഥാനത്ത് ഇരിക്കുന്ന ചിലരാണ് എന്ന് ഷമ്മി തിലകന്‍ പറയുന്നു.

ഷമ്മി തിലകന്റെ വാക്കുകള്‍ ഇങ്ങനെ: ബിനീഷിന്റെ വിഷയം ഇന്നലെ വന്നതല്ലേ. അതിലും വലിയ വിഷയങ്ങള്‍ വേറെയുണ്ട്. തിലകന്റെ പ്രശ്‌നം, പാര്‍വതി തിരുവോത്തിന്റെ രാജി, എന്റെ പ്രശ്‌നം അങ്ങനെ ഒരുപാട് ഉണ്ട്. ബിനീഷ് കോടിയേരിയുടെ വിഷയത്തില്‍ നിയമപരമായി എല്ലാവരോടും ചെയ്യുന്നത് എന്താണോ അത് ചെയ്യുക. കെടുകാര്യസ്ഥതയാണ് അമ്മ എന്ന സംഘടനയിലെ ഏറ്റവും വലിയ പ്രശ്‌നം.

തിലകന്‍ എന്ന നടനാണ് അമ്മയിലെ കെടുകാര്യസ്ഥതയുടെ രക്തസാക്ഷി എന്നു പറയാം. രക്തസാക്ഷികള്‍ ബഹുമാനിക്കപ്പെടും എന്നതുകൊണ്ടാണ് അമ്മയില്‍ ഓരോ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുമ്പോഴും ജനങ്ങള്‍ അദ്ദേഹത്തെ ഓര്‍ക്കുന്നത്. അമ്മയിലെ പ്രഥമ അംഗം എന്ന് എന്നെ വേണമെങ്കില്‍ പറയാം. അത് അഹങ്കാരത്തോടെ തന്നെ പറയുന്ന വ്യക്തിയാണ് ഞാനും. എന്റെ കാശുകൊണ്ടാണ് അതിന്റെ ലെറ്റര്‍പാഡ് അടിച്ചത്.

ഞാന്‍ ഒരിക്കലും രാജിവയ്ക്കില്ല, പാര്‍വതി രാജി വച്ചപ്പോഴും ഞാന്‍ ഇത് തന്നെ ആണ് പറഞ്ഞത്. പാര്‍വതി രാജി വയ്‌ക്കേണ്ട ആവശ്യമില്ല. രാജി വച്ച് പുറത്തുപോവേണ്ടവര്‍ വേറെ എത്രയോ ഉണ്ട്. ബിനീഷ് കോടിയേരിയെയോ ദിലീപിനെയോ പുറത്താക്കേണ്ട ആവശ്യമില്ല. കാരണം അവര്‍ കുറ്റവാളികളാണെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. കുറ്റാരോപിതര്‍ മാത്രമാണ്. നിയമപരമായി, എവിടെയാണ് ഒരാള്‍ രാജിവയ്ക്കണമെന്ന് പറയുന്നത്. കോടതി കുറ്റവാളികളെന്ന് പറയുമ്പോള്‍ മാത്രമാണ്. ഏതെങ്കിലും നേതൃപദത്തില്‍ ഇരിക്കുന്നുണ്ടെങ്കില്‍ ആ സ്ഥാനം രാജി വയ്ക്കാം. പക്ഷേ അംഗത്വം തുടരാമല്ലോ. രാഷ്ട്രീയത്തിലൊക്കെ അങ്ങനെയല്ല?. നമ്മുടെ ഭരണഘടന പോലും ഇതാണ് വ്യക്തമാക്കുന്നത്.

ഇവരെ എങ്ങനെ പുറത്താക്കുമെന്നതാണ് അമ്മയിലെ പ്രധാന പ്രശ്‌നം. എന്തുകൊണ്ട്, എങ്ങനെ, ആരെ പുറത്താക്കണം എന്നതാണ് ഇവിടെ വിഷയം. കാരണം പുറത്താക്കാന്‍ അധികാരമില്ലാത്തവരാണ് അവിടെ സ്ഥാനത്ത് ഇരിക്കുന്നത്. അവരാണ് പുറത്താകേണ്ടത്. അത് തെളിവു സഹിതം ഞാന്‍ അമ്മയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് ഇവിടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകാന്‍ കാരണം.