നിര്‍മാതാവ് ജോബി ജോര്‍ജുമായുള്ള പ്രശ്നത്തില്‍ വീണ്ടും മുടി മുറിച്ച്‌ ഷെയ്ന്‍ നിഗം

നിര്‍മാതാവ് ജോബി ജോര്‍ജുമായുള്ള ഷെയ്‌ന്‍ നിഗമിന്‍്റെ പ്രശ്നം പുതിയ വിവാദത്തിലേക്ക് . കരാര്‍ ലംഘിച്ച്‌ ഷെയ്‌ന്‍ താടി ക്ലീന്‍ ഷേവ് ചെയ്തും മുടി ക്രൊപ്പ് ചെയ്തുമുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

നേരത്തെ വെയില്‍ എന്ന സിനിമയുടെ നിര്‍മാതാവ് ജോബി ജോര്‍ജ് തന്നെ ഭീഷണിപ്പെടുത്തിയെന്നു കാണിച്ച്‌ ഷെയ്‌ന്‍ നിഗം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഷെയ്‌ന്‍ നിഗം മുടി വെട്ടി കണ്ടിന്യുവിറ്റി നഷ്ടപ്പെടുത്തിയെന്നാരോപിച്ച്‌ ജോബിയും രംഗത്തെത്തി. ശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും, താരസംഘടനയായ അമ്മയും ചേര്‍ന്ന് പ്രശ്നങ്ങള്‍ പറഞ്ഞ് പരിഹരിച്ചത്. ഇനി മുടി വെട്ടില്ലെന്നും വെയില്‍ ചിത്രീകരണം കഴിഞ്ഞ് മാത്രമേ പുതിയ ചിത്രം കുര്‍ബാനിയില്‍ അഭിനയിക്കൂ എന്നും ഷെയ്‌ന്‍ വാക്ക് നല്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം വീണ്ടും ഈ വിഷയത്തില്‍ വിവാദമുണ്ടായി. വെയിലിന്‍്റെ സെറ്റില്‍ കൃത്യമായി എത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഷെയിനിനെ ഇനി സിനിമകളില്‍ അഭിനയിപ്പിക്കേണ്ട എന്ന് തീരുമാനമെടുത്തു. സിനിമയുടെ സംവിധായകന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും 16 മണിക്കൂര്‍ വരെ ഷൂട്ട് നടത്തി തന്നെ ബുദ്ധിമുട്ടിച്ചുവെന്നും ഷെയ്‌ന്‍ തുറന്നടിച്ചു. ഈ പ്രശ്നത്തെ തുടര്‍ന്നാണ് ഷെയ്‌ന്‍ നിഗം കരാര്‍ ലംഘിച്ചത്.

സംവിധായകൻ മാനിസകമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ചാണ് ഷെയ്ൻ സെറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നത്. “സിനിമയുടെ ചിത്രീകരണം പൂർത്തീകരിക്കാൻ 24 ദിവസം വേണ്ടി വരും. വെയില്‍ എന്ന സിനിമയ്ക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട്‌ പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ട്.”ഇതായിരുന്നു സമൂഹമാധ്യമത്തിലൂടെ ഈ വിഷയത്തിൽ താരത്തിന്റെ പ്രതികരണം.

സിനിമയ്ക്കായി നീട്ടി വളർത്തിയ താടിയും മുടിയുമായിരുന്നു വേണ്ടത്. ഈ സാഹചര്യത്തിൽ ഒരു സിനിമ തന്നെ പൂർണമായി മുടങ്ങുന്ന വക്കിലാണ് കാര്യങ്ങൾ പോകുന്നത്. കഴിഞ്ഞ സംഭവത്തെ തുടർന്ന് നിര്‍മാതാവ് ജോബി ജോര്‍ജ് വീണ്ടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ട്. ഷെയ്‌നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്‌നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ ‘അമ്മ’യെ അറിയിച്ചിരുന്നു

ജോബി കൊച്ചിയില്‍ വാര്‍ത്തസമ്മേളനം നടത്തി. ഷെയ്‌നെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞ ജോബി, 30 ലക്ഷം രൂപയാണ് ചിത്രത്തിനായി ഷെയ്ന്‍ ചോദിച്ച പ്രതിഫലമെന്നും പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോള്‍ അത് 40 ലക്ഷമാക്കിയെന്നും പറയുന്നു. ഭീഷണിപ്പെടുത്തുകയല്ല തന്റെ അവസ്ഥ പറയുകയാണുണ്ടായത്. സിനിമയുമായി സഹകരിക്കാതെ പോയാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായും ജോബി ജോര്‍ജ് മാധ്യമങ്ങളെ അറിയിച്ചു. അതിനുശേഷമാണ് പ്രശ്നം പരിഹരിക്കാന്‍ നിര്‍മാതാക്കളുടെയും താരങ്ങളുടെയും സംഘടന മുന്‍കൈ എടുക്കുന്നത്