അങ്ങനെ സംഭവിച്ചാല്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തൃപ്തി ഉണ്ടാവില്ല, ശാന്തി കൃഷ്ണ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാന്തി കൃഷ്ണ. ശാലീന സുന്ദരിയായി എത്തി ഏവരുടെയും ഇഷ്ടം പിടിച്ചു പറ്റാന്‍ ശാന്തി കൃഷ്ണയ്ക്ക് ആയിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ തിളങ്ങി നിന്നപ്പോഴായിരുന്നു നടി വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന ശാന്തി നാളുകള്‍ക്ക് ശേഷം സിനിമയില്‍ തിരികെ എത്തുകയും ചെയ്തു. കിരീടം ഇതു ഞങ്ങളുടെ കഥ സന്ധ്യ മയങ്ങും നേരം തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ചിട്ടുള്ള ശ്രീനാഥുമായുള്ള 13 വര്‍ഷത്തെ ദാമ്പത്യം 1995 ലാണ് ശാന്തി കൃഷ്ണ അവസാനിപ്പിച്ചത്. നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയിലൂടെ ആയിരുന്നു ശാന്തി കൃഷ്ണയുടെ മടങ്ങി വരവ്.

ഇപ്പോള്‍ സിനിമകളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ശാന്തി കൃഷ്ണ. അമ്മ കഥാപാത്രം മാത്രമായി അഭിനയിക്കാന്‍ തനിക്ക് താത്പര്യം ഇല്ലെന്ന് നടി ശാന്തി കൃഷ്ണ പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തൃപ്തി ഉണ്ടാവില്ല. അമിതാഭ് ബച്ചനൊക്കെ ചെയ്യുന്ന പോലെ ശക്തമായ വേഷങ്ങള്‍ കിട്ടുകയാണെങ്കില്‍ ഗംഭീരമാകുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

സിനിമയില്‍ തനിക്ക് ജനറേഷന്‍ ഗ്യാപ്പ് അനുഭവപ്പെട്ടിട്ടില്ലെന്നും ശാന്തി കൃഷ്ണ പറഞ്ഞു. ഞാന്‍ ഏത് സാഹചര്യവുമായും പെട്ടെന്ന് പൊരുത്തപ്പെടുന്നയാളാണ്. എന്റെ മക്കളും ന്യൂജനറേഷന്‍ പിള്ളേരാണ്. സിനിമയിലും ആ പ്രായത്തിലുള്ളവരുമായി ജോളിയായി പോകുന്നു.- ശാന്തി പറഞ്ഞു.