സ്ത്രീയും പുരുഷനും ജീവിത പങ്കാളിയെ ബഹുമാനിക്കണം, ഞാന്‍ ജീവിതത്തില്‍ നിന്നും പഠിച്ചതിതൊക്കെ, ശാന്തി കൃഷ്ണ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാന്തി കൃഷ്ണ. തൊണ്ണൂറുകളില്‍ മലയാളത്തിലെ മുന്‍നിര നായകന്മാരായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നടിയായി ശാന്തി കൃഷ്ണ തിളങ്ങി. തുടര്‍ന്ന് വിവാഹ ജീവിതവും പിന്നീടുണ്ടായ അസ്വാരസ്യങ്ങളും കാരണം അഭിനയ രംഗത്ത് നിന്നും ശാന്തി കൃഷ്ണ വിട്ടു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് നാളുകള്‍ക്ക് ശേഷം നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയിലൂടെ അഭിനയ രംഗത്തേക്ക് ശാന്തി തിരികെ എത്തി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അമ്മ വേഷത്തില്‍ നടി തിളങ്ങി. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഉയര്‍ച്ചകളെയും താഴ്ചകളെയും കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ശാന്തി കൃഷ്ണ.

സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്താതിരിക്കുക. പരസ്പരം ബഹുമാനിക്കുക. വിവാഹം കഴിഞ്ഞാല്‍ ഭാര്യയെ ബഹുമാനിക്കണമെന്ന് മോനോട് പ്രത്യേകം പറയാറുണ്ട്. സ്ത്രീയും പുരുഷനും ജീവിത പങ്കാളിയെ ബഹുമാനിക്കണം. അവര്‍ക്ക് വിലയും കല്പിക്കണം. ഇതൊക്കെ തന്നെയാണ് ഞാന്‍ ജീവിതത്തില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍.- ശാന്തി കൃഷ്ണ പറഞ്ഞു.

‘ ഞണ്ടുകളുടെ നാട്ടി’ ലേക്ക് അവസരം വന്നപ്പോള്‍ അദ്ഭുതമായിരുന്നു. സിനിമയിലേക്ക് തിരിച്ചുവരുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. ഷീല ചാക്കോ എന്ന വളരെ ശക്തമായ കഥാപാത്രം കിട്ടിയത് തന്നെ ഭാഗ്യമാണ്. ആ സിനിമ അത്രയും നല്ലതായതുകൊണ്ട് പ്രേക്ഷകരും സ്വീകരിച്ചു. പണ്ട് അതീന്ദ്രീയമായ കാര്യങ്ങളില്‍ വിശ്വസിച്ചിരുന്നു. അമ്പലങ്ങളിലൊക്കെ കൂടുതല്‍ പോകുമായിരുന്നു.

പിന്നീട് ജീവിതം ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. കുറേ ഉയര്‍ച്ച താഴ്ചകള്‍ വരുമ്പോള്‍ ചിലതൊക്കെ നമ്മളുതന്നെ വിട്ടുകളയും. ഇന്ന് ഞാന്‍ ഒരു ശക്തിയില്‍ വിശ്വസിക്കുന്നു. ആത്മവിശ്വാസത്തിലും പോസിറ്റിവിറ്റിയിലും വിശ്വസിക്കുന്നു. എന്ത് വന്നാലും മുന്നോട്ട് പോകുക. ഇതെന്റെ വിധിയാണെന്നു കരുതി വിഷമിച്ചിരിക്കാന്‍ തയ്യാറല്ല. എല്ലാ കാര്യങ്ങളും നമ്മുടെ പ്രവൃത്തിയെ കൂടി ആശ്രയിച്ചാണിരിക്കുന്നത്.’ – ശാന്തികൃഷ്ണ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.