താടി പടങ്ങൾ കാരണം സിനിമകൾ വിജയിക്കുന്നില്ല, ഭാവങ്ങളൊന്നും കാണാൻ സാധിക്കുന്നില്ല- ശാന്തിവിള ദിനേശ്

മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അച്ഛന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാലും സിനിമയിൽ എത്തിയിട്ടുണ്ട്. ഇതോടെ മകൾ വിസ്മയയും സിനിമയിലേക്ക് എത്തുമോ എന്ന് ആരാധകർ ചോദ്യമുയർത്തി തുടങ്ങിയിരുന്നു. എന്നാൽ തന്റെ വഴി സിനിമയല്ലെന്ന് വിസ്മയ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മോഹൻലാലിന്റേതായി പുറത്തുവരുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും സമൂഹമാദ്ധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ മോഹൻലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് അവസാനിപ്പിക്കണെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ‘കഷ്ടകാലത്തിന് മൊട്ടയടിച്ചപ്പോൾ കല്ലുമഴ പെയ്തു എന്ന് പറഞ്ഞത് പോലെയാണ് വർത്തമാനകാല സിനിമയിലെ മോഹൻലാലിന്റെ അവസ്ഥ. തൊട്ടതും പിടിച്ചതുമൊക്കെ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് അദ്ദേഹത്തിന്. ഒടിയൻ എന്ന സിനിമയ്ക്കായി ബോടക്‌സ് എന്ന ഇഞ്ചക്ഷൻ അദ്ദേഹം എടുത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചില ഡോക്ടർമാർ എന്നോട് പറഞ്ഞത് അങ്ങനെ ഇഞ്ചക്ഷൻ എടുത്താൽ യുവത്വം നിലനിർത്താം, പിന്നെ കുറച്ച് നാൾ മസിലുകൾ പ്രവർത്തിക്കില്ല, മസിലുകൾ പഴയപടിയാകാൻ സമയമെടുക്കുമെന്ന്.

അതുകൊണ്ടായിരിക്കാം അദ്ദേഹം താടിവളർത്തുന്നത്. ഈ താടി ഉള്ളത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭാവങ്ങളൊന്നും നമ്മുക്ക് കാണാൻ സാധിക്കുന്നില്ല. ഒടിയന് ശേഷം അദ്ദേഹത്തിന്റെ സിനിമകൾ വിജയിക്കാത്തതിന് കാരണം ഈ താടി പടങ്ങൾ തന്നെയാണെന്ന് വേണമെങ്കിൽ പറയാം. എന്ന് വെച്ച് മോഹൻലാലിനെ എഴുതിത്തള്ളാനാകുമോ? സിനിമയിൽ വീഴ്ച സംഭവിച്ചാൽ കൂടെയുള്ളവർ കാല് വാരും. ദിലീപ് ജയിലിലായപ്പോൾ അദ്ദേഹം പുറത്തിറങ്ങില്ലെന്ന് കരുതി കൂടെയുള്ള എത്ര പേരാണ് മുങ്ങിക്കളഞ്ഞത്.

മോഹൻലാലിന് നടുവിന് അസുഖം വന്ന് കോയമ്പത്തൂരിൽ ആശുപത്രിയിൽ കിടന്നപ്പോൾ അദ്ദേഹം സഹായിച്ച എത്രപേർ മുങ്ങിക്കളഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം മറുകണ്ടം ചാടിയവരൊക്കെ ഉണ്ട്. എന്നാൽ അദ്ദേഹം തിരിച്ചുവന്നപ്പോൾ വീണ്ടും കാലുപിടിച്ച് തിരിച്ചുവന്നവരുമുണ്ട്. സ്റ്റാർട്ടിനും കട്ടിനും ഇടയിൽ മോഹൻലാലിന് ഒരു മാജിക്കുണ്ട്. അമൃതാനന്ദമയിയെ പ്രാർത്ഥിച്ചത് കൊണ്ട് കാര്യമില്ല, കച്ചവടം മാത്രം കാണാതെ സിനിമയെ സമീപിക്കു. വർഷത്തിൽ ഒരുപടം മാത്രം ചെയ്യൂ. നല്ല പടങ്ങൾ ചെയ്യാൻ ശ്രമിക്കൂ, പക്ഷേ താടിവെച്ച് കൊണ്ട് അത് സാധിക്കില്ല. എല്ലാ സിനിമയിലും താടിയും മുണ്ടുമായി അഭിനയിച്ചാൽ ആളുകൾക്ക് മടുക്കും.