വലിയൊരു പുണ്യം ചെയ്തിട്ടാണ് ഷറഫു നാട്ടിലേക്ക് തിരിച്ചത്, വിമാനാപകടത്തില്‍ മരിച്ച ഷറഫുവിനെ കുറിച്ച് സുഹൃത്ത്

ദുബായ്. കരിപ്പൂര്‍ അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്നത് കോവിഡ് ഭീതിയില്‍ എങ്ങനെയെങ്കിലും നാട്ടില്‍ എത്തിയാല്‍ മതിയെന്ന് കരുതി കയ്യില്‍ കിട്ടിയതുമായി നാട്ടിലേക്ക് തിരിച്ചവരാണ്. ഇതിനിടെയാണ് ദാരുണമായ അപകടം ഉണ്ടായത്. വിമാനാപകടത്തില്‍ മരണപ്പെട്ട കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫു പിലാശ്ശേരിയുടെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് ഏവരെയും സങ്കടത്തിലാഴ്ത്തുന്നത്. ബാക് ടു ബോം എന്ന അടിക്കുറിപ്പോടെ വിമാനത്തില്‍ ഇരിക്കുന്ന ചിത്രം അടക്കമായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ഷറഫുവിന്റെ യാത്ര ഭാര്യയ്ക്കും ഏക മകള്‍ക്കും ഒപ്പം ആയിരുന്നു. അപകടത്തില്‍ പരുക്ക് പറ്റിയ ഷറഫുവിന്റെ ഭാര്യയും മകളും ആശുപത്രിയില്‍ ചികിത്സയിലാണ്. ദുബായ് നാദികിലാണ് ഷറഫു ജോലി ചെയ്തിരുന്നത്. നാട്ടിലേക്ക് തിരിക്കും മുമ്പ് വലിയൊരു പുണ്യം ചെയ്തിട്ടായിരുന്നു ഷറഫുവിന്റെ യാത്ര.

ഷറഫുവിന്റെ സുഹൃത്ത് ഷാഫി പറക്കുളം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നാട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഷറഫു യാത്ര പറയാനായി ദുബൈയില്‍ ഷാഫി ജോലി ചെയ്യുന്ന ഹോട്ടലില്‍ എത്തി. ഇവിടെ വെച്ച് പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പണം ഏല്‍പ്പിച്ചുവെന്ന് ഷാഫി കുറിക്കുന്നു.

ഷാഫിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം. എന്റെ കൂട്ടുകാരന്‍ ഷറഫു ഇന്നത്തെ ഫ്‌ലൈറ്റ് അപകടത്തില്‍ മരണപ്പെട്ട വാര്‍ത്ത വളരെ വേദനയോടെയാണ് കേട്ടത്. നാട്ടിലേക്ക് പുറപ്പെടും മുമ്പ് യാത്ര പറയാന്‍ എന്റെ ഹോട്ടലില്‍ വന്നിരുന്നു. എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെന്‍ഷന്‍ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു. എന്തോ ഒരപകടം മുന്‍കൂട്ടി കണ്ടപോലെ.

പോകുന്ന സമയത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏല്പിച്ചിട്ടാണ് അവന്‍ പോയത്. കൊറോണ സമയത്തും ഷറഫു പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പൈസ ഏല്‍പ്പിച്ചിരുന്നു. ഒരു വലിയ പുണ്യം ചെയ്തിട്ടാണ് ഷറഫു യാത്രയായത്. അള്ളാഹു എന്റെ സുഹൃത്തിന്റെ സ്വദഖ സ്വീകരിക്കട്ടെ. അതിന്റെ പുണ്യം അള്ളാഹു അവന്റെ ഖബറിലേക്ക് എത്തിക്കട്ടെ. ആമീന്‍ യാ റബ്ബല്‍ ആലമീന്‍.

https://www.facebook.com/shafi.parakkulam/posts/2884488171651282