ഷാരിഖ് താമസിച്ചത് കള്ളപ്പേരില്‍; സ്‌ഫോടനത്തിന് മുമ്പ് ട്രയല്‍ നടത്തി

കോയമ്പത്തൂര്‍. മംഗളൂരു പ്രഷര്‍ കുക്കര്‍ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ മുഹമ്മദ് ഷാരിഖും സംഘവും സ്‌ഫോടനത്തിനു മുമ്പ് ശിവമോഗയില്‍ ട്രയല്‍ നടത്തിയതായി കര്‍ണാടക പൊലീസ്. വനമേഖലയിലാണ് പ്രഷര്‍ കുക്കര്‍ ബോംബിന്റെ ട്രയല്‍ നടത്തിയതെന്നും സിഎഎ, ഹിജാബ് പ്രതിഷേധങ്ങള്‍ ആളിക്കത്താന്‍ ഇവര്‍ വിഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിച്ചെന്നും ഇതിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് കരുതുന്നയാള്‍ ഇപ്പോള്‍ യുഎഇയിലേക്ക് കടന്നതായി വിവരം ലഭിച്ചെന്നും അന്വേഷണ സംഘം സൂചന നല്‍കി.

മംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 18 ഇടങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി. കേസിലെ മുഖ്യ സൂത്രധാരന്‍ ശിവമോഗ സ്വദേശി മുഹമ്മദ് ഷരീഖിന്റെ ബന്ധുവീടുകളില്‍ ഉള്‍പ്പെടെയാണ് പരിശോധന. ശിവമോഗയിലെ തീര്‍ഥഹള്ളിയില്‍ കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് നടന്നിരുന്നു. മൈസൂരുവിലും മംഗളൂരുവിലുമാണ് ബുധനാഴ്ച റെയ്ഡ് നടക്കുന്നത്.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സ്ഫോടകവസ്തുക്കള്‍ ഉള്‍പ്പെടെ കണ്ടെടുത്തിരുന്നു. സ്ഫോടനത്തില്‍ പരിക്കേറ്റ ഷരീഖ് നിലവില്‍ ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഫോടത്തിന് പിന്നില്‍ ചികിത്സയില്‍ കഴിയുന്ന മുഹമ്മദ് ഷരീഖ് ആണെന്ന് പോലീസ് വ്യക്തമാക്കുന്നു. ഐഎസില്‍ ആകൃഷ്ടനായ ഷരീഖ് ബോംബ് നിര്‍മ്മാണം പഠിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ബോംബ് നിര്‍മ്മാണത്തിന് വേണ്ട പ്രാവീണ്യമില്ലാത്തതിനാലാണ് കുക്കര്‍ ബോംബിന്റെ വീര്യം കുറഞ്ഞതെന്നും പോലീസ് പറയുന്നു.