പർവേസ് മുഷറഫ് സമാധാനത്തിനായി പ്രവർത്തിച്ച വ്യക്തിയെന്ന് ശശി തരൂർ; വിമർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി. അന്തരിച്ച പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് അനുശോചനം രേഖപ്പെടുത്തിയ കോൺഗ്രസ് എംപി ശശി തരൂരിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് ഒട്ടേറെപ്പേരെ കൊന്നാലും ചില ജനറൽമാർക്ക് ഇന്ത്യയിൽ ആരാധകരുണ്ടാകുമെന്ന് അദ്ദേഹം വിമർശിച്ചു.

തരൂരിന്റെ അനുശോചന ട്വീറ്റിലെ വാചകങ്ങൾ കടമെടുത്താണ്’ രാജീവ് ചന്ദ്രശേഖർ വിമർശനം ഉയർത്തിയത്. കരുത്തരായ പാക്ക് സ്വേച്ഛാധിപതി ജനറൽമാർക്ക് സമാധാനത്തിനുള്ള ശക്തിയാകാനും സുവ്യക്തമായ തന്ത്രപ്രധാന ചിന്ത രൂപപ്പെടുത്താനും ഉചിതമായൊരു സൈനിക അടിച്ചമർത്തലാണ് ഏറ്റവും നല്ല ഉപാധിയെന്ന്’ രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചു.

മുമ്പ് ട്വിറ്ററിലൂടെയാണ് ശശി തരൂർ പർവേസ് മുഷറഫിന് ആദരാഞ്ജലി നേർന്നത്. ഇന്ത്യയുടെ പ്രധാനശത്രുവായ അദ്ദേഹം 2002 മുതൽ 2007 കാലഘട്ടത്തിൽ സമാധാനത്തിനായി പ്രവർത്തിക്കുന്ന യഥാർഥ ശക്തിയായി മാറി. ഈ സമയത്ത് യുഎന്നിൽവച്ച് ഓരോ വർഷവും അദ്ദേഹത്തെ കണ്ടുമുട്ടുമായിരുന്നു. അദ്ദേഹം വളരെ ഊർജസ്വലനും തന്ത്രപ്രധാന നിലപാടുകളിൽ വ്യക്തതയുള്ളവനുമായിരുന്നു എന്നാണ് ശശി തരൂർ ട്വിറ്ററിൽ പങ്കെവെച്ചത്.