സത്യൻ മാഷിന്റെ സമയനിഷ്ഠയാണ് ഇന്നുമെന്നെ അത്ഭുതപ്പെടുത്തുന്നത്, ഷീല

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷീല. സത്യൻ നസീർ ഉൾപ്പെടെയുള്ള മലയാളത്തിലെ ആദ്യകാല മുൻനിര നായകന്മാരുടെ നായികയായി തിളങ്ങിയ നടിയായിരുന്നു ഷീല. കരുത്തുറ്റ നായിക കഥാപാത്രങ്ങളിലൂടെയും ഷീല മലയാളി മനസുകൾ കീഴടക്കി. ഒരു ഇടവേളയ്ക്ക് ശേഷം മനസിനക്കരെ എന്ന ചിത്രത്തിലൂടെ തിരികെ എത്തിയ നടി പിന്നീട് മലയാള സിനിമയിൽ സജീവമാകുന്നതാണ് കണ്ടത്. ഇപ്പോഴും അമ്മ വേഷങ്ങളിൽ തിളങ്ങി നിൽക്കുകയാണ് നടി.

സത്യൻ വിടപറഞ്ഞിട്ട് ജൂൺ 15 ന് അരനൂറ്റാണ്ട് പിന്നിടുകയാണ്. സത്യനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ഷീല, വാക്കുകൾ, സിനിമയിൽ മറ്റെന്തിനെക്കാളും വിലപിടിച്ചത് സമയമാണ്. സമയവും കാലവുമാണ് സിനിമയിൽ പരമപ്രധാനം. സത്യൻമാഷിൻറെ സമയനിഷ്ഠ തന്നെയാണ് ഞാൻ മാഷിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ ഗുണം. ഇന്ന് സിനിമയിൽ ലഭിക്കുന്ന സൗഭാഗ്യങ്ങളോ സൗകര്യങ്ങളോ ഇല്ലാത്ത കാലത്ത്, എന്തിന് മൊബൈൽ ഫോണോ, വാഹനമോ പോലും ഇല്ലാത്ത സമയത്തായിരുന്നു സത്യൻമാഷ് തൻറെ സമയനിഷ്ഠയിൽ ഉറച്ചുനിന്നിട്ടുള്ളത്.

എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും പറയുന്ന സമയത്ത് തന്നെ സത്യൻമാഷെത്തും. രാവിലെ ആറു മണിക്ക് സ്റ്റുഡിയോയിൽ എത്തണമെന്ന് പറഞ്ഞാൽ കൃത്യം അഞ്ചരയ്ക്ക് തന്നെ എത്തിയിരിക്കും. ആരും എത്തിയില്ലെങ്കിലും ഒരു പരിഭവവും പിണക്കവുമില്ലാതെ അദ്ദേഹം അവിടെ ഉണ്ടാകും. സത്യൻ സാറിൻറെ മരണം വരെ ആ സമയനിഷ്ഠ അദ്ദേഹം പാലിച്ചിട്ടുണ്ട്. ഒരിക്കൽ പോലും സമയത്തിൻറെ കാര്യത്തിൽ മാറ്റം വരുത്തിയിട്ടില്ല.

ഞാൻ പലപ്പോഴും അദ്ദേഹത്തിനു മുന്നേ ലൊക്കേഷനിൽ എത്തണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും സാധിച്ചിട്ടില്ല. അദ്ദേഹത്തിൻറെ ഈ സമയനിഷ്ഠയാണ് ഇന്നുമെന്നെ അത്ഭുതപ്പെടുത്തുന്നത്. മലയാള സിനിമയിലെ പുതുതലമുറയോട് എനിക്ക് പറയാനുള്ളതും അത് തന്നെയാണ്. ഇന്ന് സൗകര്യങ്ങളും അവസരങ്ങളും എല്ലാം ഉണ്ടായപ്പോൾ സമയത്തിന് മാത്രം വിലയില്ലാതായി. അരനൂറ്റാണ്ട് പിന്നിടുന്ന സത്യൻമാഷിൻറെ ഓർമ്മയിൽ ഇന്നുമെൻറെ മനസ്സ് അണയാതെ നിൽക്കുന്നത് അദ്ദേഹം സമയത്തിന് നൽകിയ വില തന്നെയാണ്