ഷെറിന്‍ മാത്യൂസ് വധക്കേസിൽ എറണാകുളം സ്വദേശിയായ വളര്‍ത്തച്ഛന് ജീവപര്യന്തം.. പരോൾ പോലും 30വർഷത്തിന് ശേഷം

വാഷിംഗ്ടണ്‍: മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ കൊലപാതകത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന് ജീവപര്യന്തം തടവ്. എറണാകുളം സ്വദേശിയായ വെസ്ലി മാത്യൂസിനെ അമേരിക്കന്‍ കോടതിയാണ് ശിക്ഷിച്ചത്.

കേസില്‍ ശിക്ഷയുടെ കാഠിന്യം കുറച്ചുകിട്ടാനാണ് വെസ്ലി കുറ്റസമ്മതം നടത്തിയത്. ഇയാള്‍ക്കെതിരേ പരോളില്ലാതെ ജീവപര്യന്തം കിട്ടാവുന്ന കുറ്റമാണു പൊലീസ് ചുമത്തിയത്. ജീവപര്യന്തം തടവിനു ശിക്ഷിച്ചാല്‍ 30 വര്‍ഷത്തിനു ശേഷമേ പരോള്‍ നല്‍കാവൂ എന്നാണു വ്യവസ്ഥ.

2017 ഒക്ടോബര്‍ 7നാണ് ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടത്.

മലയാളി ദമ്പതികള്‍ ബിഹാറില്‍ നിന്നും ദത്തെടുത്ത ഷെറിന്‍ മാത്യൂസ് ഡാലസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് വന്‍വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കുട്ടിയെ റിച്ചഡ്‌സണിലെ വീട്ടില്‍നിന്നു കാണാതാകുകയായിരുന്നു.

പിന്നീട്, വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍നിന്നു മൃതദേഹം കണ്ടെത്തിയതോടെ വെസ്ലിയെയും ഭാര്യ സിനിയെയും (35) അറസ്റ്റ് ചെയ്തു. കുട്ടിയെ ഉപേക്ഷിച്ച കുറ്റമാണ് സിനിയുടെ മേല്‍ ചുമത്തിയിട്ടുള്ളത്. എന്നാല്‍ മതിയായ തെളിവുകളില്ലാത്തതിനാല്‍ സിനിയെ കോടതി വെറുതെ വിട്ടു.

3 വയസ്സുള്ള ഷെറിനെ വീട്ടില്‍ ഒറ്റയ്ക്കാക്കിയശേഷം 4 വയസ്സുള്ള സ്വന്തം പുത്രിയുമായി ഭക്ഷണം കഴിക്കാന്‍ പുറത്തുപോയെന്നാണ് ദമ്പതികള്‍ അവകാശപ്പെട്ടിരുന്നത്. പാലു കുടിക്കാതിരുന്നതിന് പുലര്‍ച്ചെ മൂന്നിന് വീട്ടിനു പുറത്ത് നിര്‍ത്തിയെന്നും പിന്നീടെത്തിയപ്പോള്‍ കണ്ടില്ലെന്നുമാണ് വെസ്ലി ആദ്യം പൊലീസില്‍ പറഞ്ഞത്.