മകളെ കൊഞ്ചിച്ചും ലാളിച്ചും ഷിഹാബ്, വീഡിയോ വൈറൽ

ജന്മനാ കൈകാലുകളില്ലാത്ത യുവാവാണ് ഷിഹാബ് സിപി. പക്ഷെ ആത്മവിശ്വാസം കൊണ്ട് ഷിഹാബ് കീഴടക്കിയത് വൻ നേട്ടങ്ങളാണ്.ജീവിതത്തോട് പ്രണയമുണ്ടെങ്കിൽ പിന്നെ കുറവുകളും പോരായ്മകളും മറ്റുള്ളവരുടെ കണ്ണുകളിൽ മാത്രമാണെന്ന് ഷിഹാബ് പലതവണ തെളിയിച്ചിട്ടുണ്ട്.മോട്ടിവേഷണൽ സ്പീക്കർ,ചിത്രകാരൻ,അധ്യാപകൻ,നർത്തകൻ വൈകല്യങ്ങളെ പടിക്കു പുറത്തു നിർത്തി ഷിഹാബ് കെട്ടിയാടിയ വേഷങ്ങൾ മാത്രം മതി മലയാളിക്ക് ഊറ്റം കൊള്ളാൻ.

ഷിഹാബിന്റെ ജീവിതത്തിലേക്ക് കൂട്ടായി എത്തിയത് ഷഹാന ഫാത്തിമയാണ്.ഇരുവരും ഒന്നിച്ചുള്ള ടിക് ടോക്ക് വീഡിയോകളെല്ലാം വൈറലായിരുന്നു.അടുത്തിടെയാണ് ഷിഹാബിന് മകൾ ജനിക്കുന്നത്.മകളുമായൊത്തുള്ള രസകരമായ നിമിഷങ്ങളെല്ലാം ഷിഹാബ് പങ്കുവെക്കാറുണ്ട്.കണ്ടാല്‍ മനസു നിറയുന്ന ആ രംഗങ്ങള്‍ തന്റെ യൂ ട്യൂബ് പേജിലൂടെയാണ് ഷിഹാബ് പങ്കുവയ്ക്കുന്നത്.

ആമിയുടെ കളിചിരികളെ കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും ഷിഹാബിന്റെ നല്ലപാതി മനസു തുറക്കുന്നുണ്ട്.നിരവധി ആളുകളാണ് വീഡിയോക്ക് കമന്റുമായെത്തിയിരിക്കുന്നത്.വേദനകളെ പടിക്കു പുറത്തു നിര്‍ത്തി ജീവിതത്തിന്റെ പടവുകള്‍ ചവിട്ടിക്കയറിയ ഷിഹാബും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവളും നമ്മോട് പറയുന്നതും പ്രതിസന്ധികളെ മറന്ന് ജീവിതം നയിക്കുക എന്ന വലിയ പാഠമാണ്.