പെണ്ണിന് വിദ്യാഭ്യാസവും ജോലിയും വേണ്ട, അവൾ അമ്മയാവേണ്ടവളാണ്, സ്ത്രീയെക്കുറിച്ചുള്ള സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാട് പൊളിച്ചെഴുതി യുവതി

പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നത് സംബന്ധിച്ച നിയമ നിർമ്മാണം കേന്ദ്രസർക്കാരിന്റെ പരി​ഗണനിയൽ ആണ്. വിദ​ഗ്ദ സമിതിയും നിർദ്ദേശിക്കുന്നത് വിവാഹ പ്രായം 21 ആക്കണം എന്ന് തന്നെയാണ്. ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളിലും ചർച്ചകൾ കൊടുമ്പിരികൊണ്ടിരിക്കുകയാണ്. പെണ്ണിന് വിദ്യാഭ്യാസവും ജോലിയും വേണ്ടെന്നും പെണ്ണ് എന്നാൽ ഭാര്യ, അമ്മ എന്നാണ് ഇന്നും പലരുടെയും ധാരണ. വിവാഹപ്രായത്തെ ക്കുറിച്ചുള്ള ചർച്ചയിൽ സ്ത്രിയെ ക്കുറിച്ചുള്ള സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടിനെ പരിഹസിക്കുകയാണ് ശിൽപ്പ എന്ന യുവതി. ശിൽപ്പയുടെ ഫേസ്ബുക്ക് കുറിപ്പിന് സാമൂഹ്യമാധ്യമങ്ങളിൽ ഇതിനോടകം വൻ സ്വീകാര്യതയാണ് ലഭിച്ചിക്കുന്നത്. കുറിപ്പ് വായിക്കാം

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായമെന്തെന്ന് ഒരു പബ്ലിക് ഗ്രൂപ്പിൽ വന്ന പോസ്റ്റിന്റെ കീഴിൽ ചർച്ച നടക്കുന്നത് കണ്ടു.നല്ല കോമഡി ആയിട്ടുണ്ട്. പെണ്ണുങ്ങളെ കെട്ടിച്ചു വിടുന്ന കാര്യത്തിൽ ഓരോരുത്തരുടെ ശുഷ്‌കാന്തി കാണുമ്പോൾ കണ്ണ് നിറയുന്നുണ്ട്.കണ്ടതിൽ വളരെ ചെറിയൊരു ഭാഗമാണ് താഴെ ചേർക്കുന്നത്.പല വിധത്തിലുള്ള വാദങ്ങളാണ് വിഷയത്തിൽ പലർക്കും. ആരുടെയും അഭിപ്രായ പ്രകടനങ്ങളെ അല്ല ചോദ്യം ചെയ്യുന്നത്.മറിച്ച് ഇക്കൂട്ടർക്കൊക്കെ സ്ത്രീകളെ കുറിച്ചുള്ള കാഴ്ചപ്പാട് എന്താണെന്ന് കാണിക്കാൻ വേണ്ടി മാത്രമാണ് പറയുന്നത്.

പെണ്ണുങ്ങൾക്ക് വേണ്ടത് വിദ്യാഭ്യാസവും ജോലിയും ഒന്നുമല്ല, അമ്മയാവേണ്ടവളാണ് പോലും.ആഹാ ഫ്രഷ്!ഇവറ്റകൾക്ക് പിന്നെ പെണ്ണ് എന്ന് വച്ചാൽ അമ്മയും ഭാര്യയും മാത്രമാണ്, ഇവരുടെ സങ്കല്പത്തിലുള്ള ‘അമ്മ’ ‘ഭാര്യ’ ഒക്കെ ആവുമ്പോൾ പ്രതികരിക്കാത്ത യന്ത്രമാണല്ലോ.അത് കൊണ്ട് കാര്യങ്ങൾ എളുപ്പമാണ്.പഠിക്കാൻ മോശമായവരെ വേഗം കെട്ടിച്ചു വിടേണ്ടി വരുമെന്നാണ് മറ്റുചിലരുടെ വാദം.ഈ പഠിക്കാൻ ‘മോശമായ’ ആൺകുട്ടികളോട് നിങ്ങൾ എന്താണ് ചെയ്യുന്നത്?ഒരിക്കൽ പത്താം ക്ലാസ് തോറ്റു പോയവരെ മുൻ പിൻ നോക്കാതെ കെട്ടിച്ചു വിടുന്നത് പെണ്ണുങ്ങളുടെ കാര്യത്തിൽ മാത്രമാണോ?ഒരിക്കൽ കൂടി അവസരം കൊടുക്കാറുണ്ടോ?അവർ കഴിവ് തെളിയിക്കുന്നത് എവിടെയാണെന്ന് അറിയാൻ ശ്രമിച്ചിട്ടുണ്ടോ?

പെണ്ണുങ്ങളുടെ കല്യാണ പ്രായം നിശ്ചയിക്കേണ്ടത് വീട്ടുകാർ ആണെന്ന് വേറൊരു കൂട്ടർ.അതേ, പെണ്ണ് തുമ്മുന്നത് പോലും ഈ പറഞ്ഞ നാട്ടുകാരുടെയും വീട്ടുകാരുടെയും അനുമതി പത്രം വാങ്ങിയെടുത്താവണം എന്നാണല്ലോ നിങ്ങളുടെ വിശ്വാസം.അല്ലെങ്കിൽ കുടുംബം നിലനിൽക്കില്ലത്രേ.”പെണ്ണുങ്ങൾ പണിക്ക് പോകട്ടെ, 18 ആവുമ്പോൾ കെട്ടാൻ ഞങ്ങൾ റെഡി ആണെന്ന്” കൊറേ വീരശൂര പരാക്രമികൾ അഭിപ്രായപ്പെട്ടു കണ്ടു. Financially independent ആവാനും,സ്വന്തം കാലിൽ നിൽക്കാനും കഴിയാതെ, മറ്റൊരാൾ ഗുളിക എന്നോണം നേരത്തും കാലത്തും പകുത്തു തരുന്ന സ്വാതന്ത്ര്യത്തിന് വേണ്ടി കൈ നീട്ടി നിൽക്കുന്ന നിസ്സഹായരായ സ്ത്രീകളെ കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?
അല്ലെങ്കിലും, ഒരു സ്ത്രീയുടെ കാര്യം വരുമ്പോൾ വഴിയിലൂടെ പോവുന്ന ഏതൊരൂളക്കും വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു പോവാൻ ഒരു ത്വര ഉണ്ടാവും!ശീലമായിപ്പോയല്ലോ അതാണ്.അഭിപ്രായ സ്വാതന്ത്ര്യമാണ് കേട്ടോ. ഇതെന്റെയും അഭിപ്രായമായി കണ്ടാൽ മതി പ്രിയപ്പെട്ട പെണ്ണുങ്ങളെ,ഏതായാലും എന്റെയും നിങ്ങളുടെയും ജീവിതത്തിന്റെ പരമമായ ലക്ഷ്യം ‘വിവാഹ’വും അമ്മയാവലും മാത്രമാണെന്ന് കരുതുന്നവരെ വക വക്കാതെ, നമ്മൾ കണ്ട നമ്മുടെ സ്വപ്നങ്ങൾക്ക് പിന്നാലെ പോവാം.ഇവരഭിപ്രായം പറഞ്ഞു രസിക്കട്ടെ.
©Shilpa Niravilpuzha