മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ എടുക്കാമോ, വിശദീകരിച്ച് ഡോ. ഷിംന അസീസ് പറയുന്നു

കോവിഡ് രണ്ടാം തരംഗം രാജ്യത്തെ ഒന്നാകെ പിടിച്ചുലയ്ക്കുകയാണ്. ഈ സമയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വാക്‌സിന്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ എടുക്കാമോ എന്നതിനെ കുറിച്ച് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷിംന ഇക്കാര്യം വ്യക്തമാക്കിയത്.

ഷിംന അസീസിന്റെ കുറിപ്പ്, മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ എടുക്കാമോ? നിലവില്‍ ഗര്‍ഭിണികളിലോ മുലയൂട്ടുന്നവരിലോ വാക്‌സിന്‍ ട്രയലുകള്‍ കാര്യമായി നടന്നിട്ടില്ല എന്നത് കൊണ്ട് ഇന്ത്യയില്‍ ലഭ്യമായ രണ്ട് വാക്‌സിനുകളും ഇവര്‍ക്ക് നല്‍കാനാവില്ല.

‘എനിക്ക് രോഗം വന്നാല്‍ എന്റെ കുഞ്ഞിന് വയ്യാതാകില്ലേ?’ എന്ന അമ്മയുടെ ആധി പൂര്‍ണമായും മനസ്സിലാക്കുന്നു. . പക്ഷേ, രോഗം വരുന്ന സാഹചര്യങ്ങളില്‍ നിന്ന് ആവുന്നത്ര ഒഴിഞ്ഞ് മാറി സാധിക്കുന്നത്ര മുന്‍കരുതലുകള്‍ എടുക്കുക എന്ന് ഓര്‍മ്മിപ്പിക്കുന്നു.

മുലയൂട്ടുന്നവര്‍ക്ക് വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിന് ദോഷങ്ങള്‍ ഉള്ളതായി തെളിയിക്കപ്പെട്ടത് കൊണ്ടല്ല ഈ നിയന്ത്രണമെന്ന് മനസ്സിലായിരിക്കുമല്ലോ. ഇങ്ങനെയുള്ള അമ്മമാരില്‍ പഠനങ്ങള്‍ കാര്യമായി നടന്നിട്ടില്ലെന്നതിനാലാണ് വാക്‌സിനേഷന്‍ എടുക്കരുതെന്ന് സര്‍ക്കാര്‍ പറയുന്നത്. അതൊരു കരുതല്‍ നടപടിയാണ്.

രോഗം വരാനുള്ള സാധ്യത അത്രയേറെ കൂടുതലുള്ളവര്‍ക്ക്( ഉദാഹരണത്തിന്, ആരോഗ്യപ്രവര്‍ത്തകയായ അമ്മ) ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം വാക്‌സിനേഷന്‍ പരിഗണിക്കാം. വിദേശത്ത് ലഭ്യമായ ചില വാക്‌സിനുകള്‍ മുലയൂട്ടുന്നവര്‍ക്കും ലഭ്യമാക്കുന്നുണ്ട്. നിങ്ങളുടെ ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരം വേണ്ടത് ചെയ്യുക.

വാക്‌സിനേഷന്‍ ലഭിച്ച് മൂന്ന് മാസത്തേക്ക് ഗര്‍ഭധാരണം നീട്ടി വെക്കണമെന്ന് പറയുന്നതും ഇത്തരത്തില്‍ ഒരു മുന്‍കരുതലാണ്. ഈ വിധത്തിലുള്ള ശാസ്ത്രീയമായ നിര്‍ദേശങ്ങള്‍ ഇതിന് മുന്‍പും ഇവിടെ വിവിധ വാക്‌സിനേഷനുകള്‍ നല്‍കുമ്പോള്‍ കൃത്യമായി നല്‍കപ്പെടാറുള്ളതാണ്. നിയന്ത്രണങ്ങളൊന്നും തന്നെ ഭയപ്പെടുത്താനോ പിന്‍തിരിപ്പിക്കാനോ അല്ല, കൂടുതല്‍ സുരക്ഷ ഊട്ടിയുറപ്പിക്കാനാണ് എന്നോര്‍മ്മപ്പെടുതുന്നു.