സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ധ്യാനേ, പ്രത്യേകിച്ച്‌ സെക്ഷ്വൽ അസോൾട്ട്‌ പോലെയുള്ളവ

നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ മീ ടൂ മൂവ്‌മെന്റിനെ കുറിച്ച് നടത്തിയ പരാമർശമാണ് ഇപ്പോൾ വലിയ വിമർശനത്തിന് വഴിയൊരുക്കിയിരിക്കുന്നത്. മീടൂ എന്നത് ഇപ്പോൾ വന്ന ട്രെൻഡ് ആണെന്നും പണ്ട് അതൊക്കെ ഉണ്ടായിരുന്നെങ്കിൽ താനൊക്കെ അതിൽപ്പെട്ട് 14-15 വർഷത്തോളം ശിക്ഷ അനുഭവിക്കേണ്ടി വന്നേനേ എന്നും ധ്യാൻ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ധ്യാനിന്റെ പ്രതികരണം.

ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഷിംന അസീസ്. ധ്യാൻ ശ്രീനിവാസൻ : “അങ്ങനെ പണ്ടൊക്കെ മീറ്റൂ ഉണ്ടെങ്കിൽ ഞാൻ പെട്ട്!!! ഇപ്പോ പുറത്തിറങ്ങുക പോലും ഇല്ലായിരുന്നു. ഹഹഹഹ ഹ ഹ… (ഇന്റർവ്യു ചെയ്യുന്ന വ്യക്തിക്ക് അതിലും വലിയ ഹഹഹഹ ഹ ഹ… കൈയൊക്കെ തുടയിൽ അടിച്ച് ആസ്വദിച്ച് ഹഹഹഹ ഹ ഹ…) മീറ്റൂ ഇപ്പഴല്ലേ വന്നേ?എന്റെ മീറ്റൂ ഒക്കെ പത്ത്‌ പന്ത്രണ്ട്‌ വർഷം മുന്നെയാണ്. ഹഹഹഹ ഹ ഹ… അല്ലെങ്കിൽ ഒരു 14 വർഷം 15 വർഷം എന്നെ കാണാൻ പോലും പറ്റില്ലായിരുന്നു. “(ഇന്റർവ്യു ചെയ്യുന്ന വ്യക്തിക്ക് വീണ്ടും വലിയ ഹഹഹഹ ഹ ഹ… )

തഗ് ലൈഫ് ഇന്റർവ്യൂ എന്നൊക്കെ പരക്കെ ആഘോഷിക്കപ്പെടുന്ന ധ്യാൻ ശ്രീനിവാസൻ അതിലേതോ ഒന്നിൽ മീറ്റൂവിനെക്കുറിച്ച്‌ പറഞ്ഞ്‌ ആക്കിച്ചിരിക്കുന്ന വീഡിയോ കണ്ടു, വിനീതവിധേയനായി കൂട്ടത്തിൽകൂടി അരോചകമായി പൊട്ടിച്ചിരിക്കുന്ന ആങ്കറേയും…!
ധ്യാനേ, ശ്രീനിവാസന്റെ പുത്രനാണെന്ന പേരിൽ കേൾക്കാൻ കുറച്ചാളുണ്ടായി എന്ന് വച്ച് ഇങ്ങനെയൊരു സെൻസിറ്റീവ് ടോപ്പിക്കിൽ ഇമ്മാതിരി വർത്താനം പറയരുത്‌. മീറ്റൂ എന്ന്‌ പറഞ്ഞാൽ ഒരു കാലത്ത് ലൈംഗികാതിക്രമവും ചൂഷണങ്ങളുമെല്ലാം മൗനമായി നേരിടേണ്ടി വന്നവർ കാലങ്ങൾക്ക്‌ ശേഷം ധൈര്യം ആർജിച്ച്‌ അത്‌ പുറത്ത്‌ പറയുന്നതാണ്‌.

അവരവർ ജീവിക്കുന്ന പൊട്ടക്കിണറ്‌ മാത്രമാണ്‌ ലോകമെന്ന തോന്നൽ പടുവിഡ്‌ഢിത്തരമാണ്‌. അതിജീവിതരുടെ വേദനയെ കളിയാക്കിയ ഈ ഇളി എത്ര പേരുടെ നെഞ്ചത്തേക്ക്‌ തൊടുത്ത്‌ വിടുന്ന കൂരമ്പാണെന്ന്‌ അറിയുമോ തനിക്ക്.സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ധ്യാനേ. പ്രത്യേകിച്ച്‌ സെക്ഷ്വൽ അസോൾട്ട്‌ പോലെയുള്ളവ നൽകുന്ന ട്രോമയുടെ തീരാപ്പുകച്ചിലിനെ…