കോവിഡ് ഫലം നെഗറ്റീവ്, ഷൈനിക്ക് ഇനി അപ്പച്ചന് അന്ത്യ ചുംബനം നല്‍കാം

ചെറുതോണി (ഇടുക്കി): ലോക്ക്ഡൗണും മറ്റും ദുരിതത്തിലാക്കിയിരിക്കുന്നത് പ്രവാസികളെയും അന്യ സംസ്ഥാനങ്ങളില്‍ ഉള്ള മലയാളികളെയുമാണ്. ഉറ്റവര്‍ മരിച്ചാല്‍ ഒരു നോക്ക് കാണാന്‍ പോലും സാധിക്കാത്ത അവസ്ഥ. തൊട്ടരികില്‍ ഉണ്ടെങ്കിലും വിദേശത്ത് നിന്നോ അന്യ സംസ്ഥാനങ്ങളില്‍ നിന്നോ എത്തിയവരാണെങ്കില്‍ അന്ത്യചുംബനം നല്‍കണമെങ്കില്‍ പോലും ക്വാറന്റീന്‍ കാലം കഴിഞ്ഞ് പരിശോധന ഫലം നെഗറ്റീവ് ആകണം. ഈ അവസ്ഥയായിരുന്നു കായികതാരം ഷൈനി വില്‍സണിന് അനുഭവിക്കേണ്ടി വന്നത്.

കഴിഞ്ഞ ദിവസമാണ് ഷൈനി വില്‍സന്റെ പിതാവ് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ ചെന്നൈയില്‍ നിന്നുമെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഷൈനിക്ക് പിതാവിനെ ഒന്ന് അടുത്ത് കാണാന്‍ പോലും സാധിച്ചിരുന്നില്ല. പിതാവിന് അന്ത്യ ചുംബനമെങ്കിലും കൊടുക്കാനാവുമോ എന്ന മനോവിഷമത്തിലായിരുന്നു ഷൈനി. എന്നാല്‍ ഷൈനിയുടെ സാമ്പിള്‍ പരിശോധന ഫലം പുറത്തെത്തിയതോടെ ആശ്വാസമായി. പരിശോധനാ ഫലം നെഗറ്റീവാണ്.

പിതാവ് ഏബ്രഹാമിന്റെ അന്ത്യചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോവിഡ് നിയന്ത്രണങ്ങള്‍ വിലങ്ങുതടി ആവുമോ എന്ന സങ്കടത്തില്‍ ആയിരുന്നു ഒളിമ്പ്യന്‍ ഷൈനി വില്‍സണ്‍. പിതാവിന്റെ രോഗ വിവരം അറിഞ്ഞപ്പോളെ ഷൈനിയും സഹോദരി ഷേര്‍ളിയും ചെന്നൈയില്‍ നിന്നും നാട്ടില്‍ എത്തി. എന്നാല്‍ ഇതിനിടെ ഏബ്രഹാം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഷൈനി നാട്ടില്‍ എത്തിയ ദിവസം തന്നെ പിതാവിനെ ഗുരുതരാവസ്ഥയില്‍ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിന് തൊട്ട് പിന്നാലെ മരണ വാര്‍ത്തയുമെത്തി.

ഏബ്രഹാമിന്റെ സംസ്‌കാരം വെള്ളിയാഴ്ച വഴിത്തല മാറിക പള്ളി സെമിത്തേരിയിലാണ് നടക്കുന്നത്. സംസ്ഥാന അതിര്‍ത്തി പിന്നിട്ട് ചെന്നൈയില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയതിനാല്‍ ഷൈനി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. ഫലം പോസിറ്റീവ് ആയിരുന്നെങ്കില്‍ തന്റെ അപ്പച്ചന്റെ മൃതദേഹം ഒരു നോക്ക് കാണുവാനോ അന്ത്യ ചുംബനം നല്‍കുവാനോ ഷൈനിക്ക് കഴിയുമായിരുന്നില്ല.

ഫലം ലഭിക്കുന്നത് വരെ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഷൈനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈറേഞ്ചിലെ കരിമ്പന്‍ മണിപ്പാറ കാനത്തിലെത്തിയ ഏബ്രഹാം കൃഷി ആയിരുന്നു ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ മക്കളെ കായിക രംഗത്ത് നേട്ടങ്ങള്‍ കൊയ്യാനും അദ്ദേഹം പ്രോത്സാഹനം നല്‍കി. ദ്രോണാചാര്യ കെ.പി. തോമസ് മാഷിന്റെ ജ്യേഷ്ഠസഹോദരനാണ് എബ്രഹാം.