പിറന്നാൾ ദിനത്തിൽ അയ്യപ്പന് മുന്നിൽ സം​ഗീതാർച്ചനയുമായി ശിവമണി

പതിവു പോലെ പിറന്നാൾ ദിനത്തിൽ അയ്യപ്പന് മുന്നിൽ സംഗീതാർച്ചനയുമായി ഡ്രം മാന്ത്രികൻ ശിവമണി. ആറുവയസുകാരി മകൾ മിലാനിയും ഒപ്പമുണ്ടായിരുന്നു. ഇക്കുറി പാട്ടുമായി കൂടെയുണ്ടായിരുന്നത് ഗായകൻ സുദീപ് കുമാർ ആയിരുന്നു.

പുലർച്ചെ തന്നെ അയ്യപ്പദർശനം. ശിവമണിയും, സുധീപ്കുമാറും, കീബോർഡ് കലാകാരൻ പ്രകാശ് ഉള്ള്യേരിയും മേൽശാന്തിയേയും സന്ദർശിച്ചു. മേൽശാന്തി പി.എൻ.മഹേഷ് മൂന്നുപേരെയും പൊന്നാട അണിയിച്ചു സ്വീകരിച്ചു.

ഇടയ്ക്ക് മകളേയും അരങ്ങിലേക്ക് വിളിച്ചു. മകളുടെ ആദ്യ വേദി അയ്യപ്പൻറെ മുന്നിലെന്ന് ശിവമണി. പാട്ടിന് ശേഷം കൊട്ടിപ്പകർന്ന് ദർബൂക്കയിലേക്കും പിന്നെ അമേരിക്കയിൽ നിന്ന് പുതിയതായി എത്തിച്ച ഒക്ടോടോംസിലേക്കും. ഇതിൻറെയും ആദ്യവേദിയെന്ന് ശിവമണി.

പിറന്നാൾ ദിനത്തിൽ അയ്യപ്പന് നൽകുന്ന നേർച്ചയാണ് തന്റെ സംഗീതമെന്നും എല്ലാവരും അയ്യപ്പനെ കണ്ട് സന്തോഷത്തോടെയായിരിക്കണം മലയിറങ്ങേണ്ടതെന്നും ശിവമണി പറഞ്ഞു.

പിറന്നാൾ ദിനമായ ഇന്നലെ മകളോടൊപ്പമാണ് അദ്ദേഹം ശബരിമലയിൽ ദർശനം നടത്തിയത്. ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടിയാണ് ശിവമണിയും സംഘവും അയ്യപ്പ ദർശനം നടത്തിയത്.