കുഞ്ഞ് വീട്ടിൽ ഉറങ്ങികിടക്കുമ്പോൾ പോയി വാക്സിൻ സ്വീകരിച്ചു- ശ്രേയ

മലയാളിയല്ലെങ്കിലും മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗായികമാരിൽ ഒരാളാണ് ശ്രേയാ ഘോഷാൽ. സ്വരമാധുരി കൊണ്ടു ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെയെല്ലാം പ്രിയപ്പെട്ട ഗായികയായി മാറി ഈ ബംഗാൾ സ്വദേശി. മലയാളം അറിയാതിരുന്നിട്ടും മലയാള ഗാനങ്ങൾ അക്ഷര ശുദ്ധിയോടെ പാടുന്നുവെന്നതാണ് ശ്രേയയുടെ പ്രധാന പ്രത്യേകത. ശ്രേയയുടെ ഭർത്താവ് ശൈലാദിത്യയാണ്.

അടുത്തിടെയാണ് ശ്രേയക്ക് ഒരു ആൺകുഞ്ഞു ജനിച്ചത്. ഇപ്പോഴിതാ കുഞ്ഞ് ഉറങ്ങി കിടന്ന സമയത്ത് പോയി തന്റെ ആദ്യ ഡോസ് വാക്സിൻ എടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ശ്രേയ വിവരം പങ്കുവെച്ചത് ദേവ്യാൻ സുഖമായി വീട്ടിൽ ഉറങ്ങിക്കൊണ്ടിരുന്നപ്പോൾ, ഞാൻ വേഗത്തിൽ പോയി എന്റെ ആദ്യത്തെ ഡോസ് വാക്സിൻ ഇന്ന് സ്വീകരിച്ചു. എന്റെ ഡോക്ടർമാർ പറഞ്ഞതു പ്രകാരം പുതിയ അമ്മമാർ കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് വളരെ സുരക്ഷിതമാണ്. മുലയൂട്ടുന്ന അമ്മയായാലും മറ്റെല്ലാവരെയും പോലെ നിങ്ങൾക്കും വാക്സിൻ സ്വീകരിക്കാം” ശ്രേയ കുറിച്ചു.

ബിഗ് ബിയിലെ വിട പറയുകയാണോ എന്ന ഗാനം പാടിക്കൊണ്ട് മലയാളിത്തിലേയ്‌ക്കെത്തിയ ശ്രേയ പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. 2015ൽ സുഹൃത്ത് ശിലാദിത്യയെയാണ് ശ്രേയ വിവാഹം ചെയ്തത്. ഇരുവരും ദീർഘനാളുകളായി പ്രണയത്തിലായിരുന്നു. വിവാഹചടങ്ങുകൾ അതീവ രഹസ്യമായാണ് നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്.

ബോളീവുഡ് ചലച്ചിത്രപിന്നണി രംഗത്താണു കൂടുതലായി ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ,പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലെ ചലച്ചിത്രങ്ങളിലും ഗാനങ്ങൾ‌ ആലപിക്കുന്നു ശ്രേയ. ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് 2002, 2005, 2007, 2008 എന്നീ വർഷങ്ങളിലായി നാലുതവണ ശ്രേയ ഘോഷലിനു ലഭിച്ചിരുന്നു.