ബിജെപിയുടെ പരാതി; സിദ്ധിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് നടത്താനിരുന്ന യോഗം റദ്ദാക്കി

കോഴിക്കോട്. സിദ്ധിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് അനുകൂലികള്‍ കോഴിക്കോട് നടത്തുവാനിരുന്ന സമ്മേളനം പിന്‍വലിച്ചു. പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന ജനപ്രതിനിധികള്‍ സ്വയം പിന്മാറുകയായിരുന്നു. ബിജെപിയുടെ കടുത്ത പ്രതിഷേധം കാരണമാണ് പരിപാടി പിന്‍വലിച്ചത്. പോപ്പുലര്‍ ഫ്രണ്ട് അനുകൂലികള്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പങ്കെടുക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ശക്തമായ പ്രതിഷേധമാണ് സമ്മേളനത്തിനെതിരെ ഉയര്‍ന്നത്. അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണ സമ്മേളനം എന്ന പേരിലാണ് സിദ്ധിഖ് കാപ്പനായി പരിപാടി നടത്തുവാന്‍ തീരുമാനിച്ചിരുന്നത്. പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപിയും ഹുന്ദു ഐക്യവേദിയും രംഗത്തെത്തി. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച സാഹര്യത്തില്‍ സമ്മേളനത്തിന് അനുമതി നല്‍കണമോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലാപാട് വ്യക്തമാക്കണ എന്നും ജനപ്രതിനിധികള്‍ പിന്മാറണമെന്നും ഹന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

ഇന്ന് വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളിലാണ് യോഗം സംഘടിപ്പിച്ചിരുന്നത്. മുസ്ലീം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങളാണ് യോഗം ഉദ്ഘാടനം ചെയ്യേണ്ടിരുന്നത്. നിരോധിത തീവ്രവാദ സംഘടനകളെ വെള്ളപൂശാനുള്ള ഇത്തരം സമ്മേളനം നിയമ വിരുദ്ധമാണെന്ന് പോലീസ് ഇത് തടയണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. യോഗം നടന്നാല്‍ സംഘര്‍ഷ സാധ്യതയുള്ളതായി പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിഷയം പോലീസ് മേധവിയുടെയും എന്‍ഐഎയുടെയും ശ്രദ്ധയില്‍ പെടുത്തിയതായി ബിജെപി പ്രതികരിച്ചു.

എംകെ രാഘവന്‍ എംപി, കെകെ രമ, പി ഉബൈദുള്ള എംഎല്‍എ, മുന്‍ നക്‌സലൈറ്റ് ഗ്രോ വാസു, കെപി നൗഷാദലി, കേരള പത്രപ്രവര്‍ത്തകയൂണിയന്‍ സെക്രട്ടറി അഞ്ജന ശശി, പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് പ്രസിഡന്റ് എം ഫിറോസ് ഖാന്‍, എന്‍പി ചേക്കുട്ടി, സിദ്ധിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്.