സിൽവർ ലൈൻ; ജനകീയസമിതി തുടര്‍പ്രക്ഷോഭത്തിന് ഒരുങ്ങുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചില്ലെന്ന് നിയമസഭയില്‍ തന്നെ വ്യക്തമായതോടെ ജനകീയസമിതി തുടര്‍പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. പദ്ധതി വരുമോ ഇല്ലയോ എന്നു മാത്രമല്ല, ഭൂമി ഈടുവച്ച് വായ്പയെടുക്കാനും ക്രയവിക്രയത്തിനും തടസമില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കും ഇവര്‍ വിശ്വസിക്കുന്നില്ല. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെ കേന്ദ്രാനുമതി ലഭിക്കുംവരെ പിന്‍വലിച്ചെന്നതിന്റെ പേരില്‍ പദ്ധതി തന്നെ ഉപേക്ഷിച്ചെന്ന പ്രചാരണം വന്‍ ആശയക്കുഴപ്പത്തിന് ഇടയാക്കി.

വായ്പയും സ്ഥലം വാങ്ങലും വില്‍ക്കലും തടസമില്ലാതെ നടക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും പാഴ്‌വാക്കാണെന്ന് ചെങ്ങന്നൂരിലെ ജനങ്ങൾ പറയുന്നു. ചങ്ങനാശേരി മാടപ്പള്ളിക്കും മുന്‍പേ തീവ്രമായ സില്‍വര്‍ ലൈന്‍ പ്രക്ഷോഭം നടന്ന മേഖലയാണ് ചെങ്ങന്നൂര്‍. തീവ്രവാദബന്ധമെന്നും ആക്രമണത്തിനു പരിശീലനം കിട്ടിയെന്നും മുന്‍മന്ത്രി സജിചെറിയാന്‍ ആരോപിച്ചത് ഈ നാട്ടിലെ സമരക്കാര്‍ക്കെതിരെയാണ്.

കല്ലിട്ടത് ആരേയും ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് നുണയാണെന്നും വരും തലമുറയേക്കൂടി ഇരുട്ടിലേക്കാണ് പദ്ധതി വീഴ്ത്തിയതെന്ന് സമരക്കാര്‍ ആരോപിക്കുന്നു. എന്നാൽ കേന്ദ്ര സർക്കാർ പദ്ധതിക്ക് അനുമതി നൽകാത്തതിനാലാണ് സില്‍വര്‍ ലൈനുമായി മുന്നോട്ട് പോകാനാകാത്തതെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്രം അനുമതി നിഷേധിച്ചാലും പദ്ധതി വേണ്ടെന്ന് വെയ്ക്കില്ലെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.