ഒന്നുറങ്ങാൻ .. സാവകാശത്തിൽ ഇരുന്ന് ഒന്ന് ഭക്ഷണം കഴിയ്ക്കാൻ അവരെയൊന്ന് അനുവദിയ്ക്കു

മറ്റൊരാൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുമ്പോൾ അവർക്ക് നഷ്ടമാകുന്ന സന്തോഷങ്ങളെക്കുറിച്ച് തുറന്നെഴുതുകയാണ് സിമ്മി കുറ്റിക്കാട്ട്. ഉറ്റവർക്കായി ജീവിതമിങ്ങനെ മാറ്റി വെച്ച് നിർത്താതെ ഓടുന്നവരെ നിങ്ങള്ക്ക് അറിയുമെങ്കിൽ .. ഒന്ന് വിളിച്ചു സംസാരിക്കു.. ഒരു മണിക്കൂറെങ്കിൽ ഒരു മണിക്കൂർ അവരെയൊന്ന് ഫ്രീ ആക്കു .. ഒന്ന് പുറത്ത്‌ പോകാനോ തോട്ടത്തിലേയ്ക്ക് ഇറങ്ങാനോ , ഇഷ്ടമുള്ള എന്തെങ്കിലും ഒക്കെ ചെയ്യാൻ .. ഒന്നുറങ്ങാൻ .. സാവകാശത്തിൽ ഇരുന്ന് ഒന്ന് ഭക്ഷണം കഴിയ്ക്കാൻ അവരെയൊന്ന് അനുവദിയ്ക്കുവെന്ന് കുറിപ്പിൽ പറയുന്നു

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

2002 ൽ ഞാനൊരു കെയർ ഹോമിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഈ രാജ്യത്ത് ആദ്യമായി എത്തിപ്പെട്ടതിന്റെ അമ്പരപ്പും വെപ്രാളവും ഒക്കെ കൂടെയുണ്ടായിരുന്ന കാലം. ഇവിടുത്തെ ഹെൽത് കെയർ സിസ്റ്റത്തെ ഒപ്പം ഇന്നാട്ടിലെ മനുഷ്യരെയുമൊക്കെ അറിഞ്ഞു വരുന്നതേ ഉണ്ടായിരുന്നുള്ളു . Respite careന്‌ വേണ്ടി ഒരു പേഷ്യന്റ് വരുന്നുണ്ട് എന്നൊരു ദിവസം മാനേജർ പറയുമ്പോൾ അതെന്താണെന്ന് ഒരു എത്തും പിടിയും ഇല്ലായിരുന്നു. ഷോർട്ട് സ്റ്റേ പോലൊരു സംഭവം ആണെന്ന് മാത്രം മനസ്സിലോർത്തു. പേഷ്യന്റിന്റെ വൈഫ് ആണ് എല്ലാകാര്യങ്ങൾക്കും എത്തിയിരുന്നത്‌. ഓരോ മൈന്യുട്ട് കാര്യങ്ങൾ പോലും അവരന്ന്‌ ചോദിച്ചറിയുകയും ഉറപ്പ്‌ വരുത്തുകയും ചെയ്തിരുന്നു. പിന്നീടാണ് അറിഞ്ഞത് ഭർത്താവിനെ രണ്ടാഴ്ച്ചയ്‌ക്ക്‌ റെസ്‌പൈറ്റ് കെയറിലാക്കി അവരെവിടെയോ ഹോളിഡേയ്‌സ് ന്‌ പോവുകയാണ്.

എന്ത് സ്ത്രീയാണപ്പാ ഇവർ ..ഭർത്താവിനെ ഇവിടെയാക്കി കറങ്ങാൻ പോവുന്നോ എന്ന് ഞെട്ടലോടെ അത്ഭുതത്തോടെ ഓർത്തിരുന്നവളായിരുന്നു ഞാനന്ന് . (ഇന്നെന്റെ കാഴ്ച്ചപ്പാടുകൾ അകംപുറം മാറിയിട്ടുണ്ട് , മനുഷ്യരെ കുറിച്ച് , നമ്മളവരെ അടുത്തറിയുന്നതിനു മുൻപേ പ്രി ജഡ്ജ്മെന്റലായി ചിന്തിക്കരുതെന്ന് കൂടെ കൂടെ ഓർമ്മപ്പെടുത്താറും ഉണ്ട് ) . രണ്ടാഴ്ച്ച പക്ഷെ ആ പേഷ്യന്റിനെ ശുശ്രൂഷിക്കുമ്പോൾ വല്ലാത്ത അത്ഭുതം തോന്നി . ഇത്രയധികം കോമ്പ്ലെക്സ് ആയ രോഗാവസ്ഥയുള്ള ഒരാളെ ഇവരെങ്ങനെ വീട്ടിൽ ഒറ്റയ്ക്ക് മാനേജ് ചെയ്യുന്നു എന്നോർത്തപ്പോൾ അവരോട് ബഹുമാനവും സഹതാപവും തോന്നി. രാത്രിയോ പകലോ എന്നില്ലാതെ അവരത് വർഷങ്ങൾ ആയി ചെയ്തു കൊണ്ടിരിക്കുന്നു . ഇനിയും എത്ര നാളെന്നു ഓർത്തപ്പോൾ ഈ രണ്ടാഴ്ച്ച അവരൊന്ന് സുഖമായി.. സ്വസ്ഥമായി ഇരിയ്ക്കുകയോ എവിടെയെങ്കിലും ഉറങ്ങുക എങ്കിലും ചെയ്യട്ടെ എന്ന ബോധ്യത്തിലേയ്ക്ക് കുറ്റബോധത്തോടെ ഞാൻ മനസ്സിനെ തിരിച്ചു വിട്ടു.

കുറച്ചു നാൾ മുൻപ് നാലഞ്ചു വർഷം സ്‌ട്രോക്ക്‌ ആയി കിടപ്പിലായിരുന്ന ഭർത്താവിനെ നഷ്ടപ്പെട്ട ഒരമ്മയോട് സംസാരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കാര്യങ്ങൾ അവർ ഒറ്റയ്ക്കായിരുന്നു ചെയ്തിരുന്നത്. മക്കളൊക്കെ വിദേശത്ത് . എനിക്ക് ആരോഗ്യമുള്ളിടത്തോളം കാലം ഞാൻ തന്നെ നോക്കും എന്ന വാശിയോ,മറിച്ചൊന്നു ചിന്തിക്കാനോ ഉള്ള ഭയമോ ,അങ്ങനെ മറിച്ചെന്തെങ്കിലും ചിന്തിക്കാമോ എന്ന് കൂടെ അറിയാത്ത ഒരമ്മ. സാമ്പത്തിക ബാധ്യതകൾ പോലുമില്ല എന്നിട്ടും ഒരു ഹോം നഴ്സിനെ പോലും വീട്ടിൽ നിർത്താതെ തനിയെ ഓടി കൊണ്ടിരുന്നു . ഇപ്പോൾ അദ്ദേഹത്തിന്റെ മരണശേഷം സ്വഭാവിക ജീവിതത്തിലേയ്ക്ക് തിരിച്ചു വരുവാനും പൊരുത്തപ്പെടാനും അവർ നന്നേ ബുദ്ധിമുട്ടുന്നു. രാത്രിയൊക്കെ അദ്ദേഹത്തെ എല്ലാ മണിക്കൂറിലും എഴുന്നേറ്റ് നോക്കിയിരുന്നതിനാൽ ഒറ്റ സ്ട്രെച്ചിൽ ഉറങ്ങാൻ പോലും വയ്യ.. തനിയെ ഞെട്ടിയുണരും. ഊണ് മേശയിൽ ഇരുന്ന്‌ ഭക്ഷണം കഴിയ്ക്കാൻ പോലും മറന്ന് പോയ അവസ്ഥ.

Respite care or taking a break from caring a person എന്ന ആശയം നമ്മുടെ നാട്ടിൽ എത്രത്തോളം പ്രചാരത്തിൽ ഉണ്ടെന്നോ എത്ര പേർ ആ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നോ അതിന്റെ affordability എന്നതിനെ പറ്റിയോ എനിക്കറിയില്ല. മക്കൾ എന്ത് കരുതുമെന്നോ നാട്ടുകാർ എന്ത് പറയുമെന്നോ വിചാരിക്കാതെയും , സ്വയം കുറ്റബോധപ്പെടാതെയും ഇടയ്ക്കൊരു ബ്രെയ്ക്ക് .. everyone deserves that. മണിക്കൂറുകൾ എങ്കിൽ അങ്ങനെ ദിവസങ്ങൾ എങ്കിൽ അങ്ങനെ. ഇനി respite care എന്ന ലേബൽ ഒന്നും വേണ്ട , ഉറ്റവർക്കായി ജീവിതമിങ്ങനെ മാറ്റി വെച്ച് നിർത്താതെ ഓടുന്നവരെ നിങ്ങള്ക്ക് അറിയുമെങ്കിൽ .. ഒന്ന് വിളിച്ചു സംസാരിക്കു.. ഒരു മണിക്കൂറെങ്കിൽ ഒരു മണിക്കൂർ അവരെയൊന്ന് ഫ്രീ ആക്കു .. ഒന്ന് പുറത്ത്‌ പോകാനോ തോട്ടത്തിലേയ്ക്ക് ഇറങ്ങാനോ , ഇഷ്ടമുള്ള എന്തെങ്കിലും ഒക്കെ ചെയ്യാൻ .. ഒന്നുറങ്ങാൻ .. സാവകാശത്തിൽ ഇരുന്ന് ഒന്ന് ഭക്ഷണം കഴിയ്ക്കാൻ അവരെയൊന്ന് അനുവദിയ്ക്കു. അത്രത്തോളമെങ്കിലും നമുക്കൊന്ന് ചെയ്തു കൂടെ.നമ്മുടെ ഉത്തരവാദിത്വങ്ങൾ ,കംഫോർട്ടു സോണുകൾ ഒക്കെ കുറച്ചെങ്കിലും മാറ്റി വെച്ച് .. വീട് മാറി കിടന്നാൽ എനിക്ക് ഉറക്കം വരില്ല , ഞാനില്ലെങ്കിൽ അതിയാൻ കാപ്പി പോലും കുടിക്കില്ല .. ഈ മുട്ടാപ്പോക്കുകളൊന്നും ഈ മനുഷ്യരുടെ മുൻപിൽ ഒന്നുമല്ലെന്നേ. അവരാർജ്ജിക്കുന്ന ഒരിത്തിരി ഊർജ്ജത്തിൽ നമ്മുടെ ഒരു പങ്കും ഉണ്ടെന്ന ചിന്ത തന്നെ എത്ര ആശ്വാസപ്രദമാണ് .. മനോഹരമാണ്!