സ്വകാര്യ ഭാഗങ്ങളില്‍ പോലും അതി മാരകമാം വിധം പരുക്ക്, ജയരാജും മകന്‍ ബെന്നിക്‌സും അനുഭവിച്ചത് പോലീസിന്റെ കൊടും ക്രൂരത, പ്രതിഷേധിച്ച് ഗായിക സുചിത്ര

ലോക്ക്ഡൗണ്‍ ലംഘിച്ചു എന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത തടിവ്യാപാരി ജയരാജും മകന്‍ ബെന്നിക്‌സും ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

അമേരിക്കയിൽ ജോർജ് ഫ്ളോയിഡിനെ പോലീസ് കൊലപ്പെടുത്തിയത് വെറും 8 മിനുട്ട് കൊണ്ടായിരുന്നു. അമേരിക്ക മുഴുവൻ കലാപത്തിൽ മൂടുകയും യൂറോപ്പിലേക്കും കലാപം പടരുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ തമിഴ്നാട്ടിൽ നടന്ന ഭീകരമായ 2 കൊലപാതകങ്ങളിൽ പോലീസ് തന്നെ പ്രതി. ഇന്ത്യയിൽ മനുഷ്യ ജീവനും മരണത്തിനും വലിയ പ്രാധാന്യം ഇല്ലാത്തതിനാൽ ഈ കൊടിയ കൊലപാതകങ്ങൾ രാജ്യ വ്യാപകമായി പോലും ചർച്ചയാകാതെ പോയി.

ഇപ്പോള്‍ സംഭവത്തില്‍ ഹ്രസ്വ വീഡിയോയിലൂടെ പ്രതിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗായിക സുചിത്ര. വിവരിക്കാന്‍ പോലും സാധിക്കാത്ത ക്രൂരത അനുഭവിച്ചാണ് ആ അച്ഛനും മകനും മരിച്ചതെന്നും അവര്‍ക്ക് നീതി ലഭിക്കണമെന്നും സുചിത്ര പറയുന്നു. അമേരിക്കയില്‍ പൊലീസിന്റെ ക്രൂര പീഢനത്തിനിരയായി കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ലോയ്ഡിന്റെ മരണം പോലെ അതി ക്രൂരമായാണ് ജയരാജും ബെന്നിക്‌സും മരണപ്പെട്ടതെന്നും പൊലീസിന്റെ ഈ നിഷ്ഠൂരമായ പ്രവൃത്തികള്‍ക്കും അന്യായമായ ഇത്തരം നിയമസംവിധാനങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തണമെന്നും സുചിത്ര പറയുന്നു. വികാരനിര്‍ഭരയായിട്ട് ആയിരുന്നു സുചിത്രയുടെ പ്രതികരണം.

സുചിത്രയുടെ വാക്കുകള്‍:

‘മരണപ്പെട്ട ജയരാജും അദ്ദേഹത്തിന്റെ മകന്‍ ബെന്നിക്‌സും നിരപരാധികളാണ്. അതി ക്രൂരമായാണ് പൊലീസ് ഇരുവരോടും പെരുമാറിയത്. ലാത്തിയും മറ്റ് ബലമുള്ള വസ്തുക്കളുമുപയോഗിച്ചുള്ള അടിയില്‍ ഇരുവരുടെയും അസ്ഥികള്‍ തകര്‍ന്നു. മണിക്കൂറുകളോളം അവര്‍ക്ക് പൊലീസിന്റെ ക്രൂര പീഢനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നു. അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ പോലും അതി മാരകമാം വിധം പരുക്കു പറ്റിയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടവര്‍ തന്നെ ഇതു സാക്ഷ്യപ്പെടുത്തുന്നു. സംഭവം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകളോ തെളിവു ശേഖരണത്തിനാവശ്യമായ മറ്റു സംവിധാനങ്ങളോ ഇല്ലായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നും കടുത്ത പനിയെത്തുടര്‍ന്നുമാണ് ഇരുവരും മരണപ്പെട്ടത് എന്നാണ് അധികൃതര്‍ പുറത്തുവിട്ട വിവരം.

ഇടത്തരം കുടുംബത്തില്‍പ്പെട്ട ആ അച്ഛനും മകനും വളരെ കഠിനാധ്വാനം ചെയ്തായിരുന്നു ജീവിച്ചത്. ആ നിരപരാധികളുടെ മരണത്തിനു ശേഷം രണ്ടു പൊലീസുകാരെ സസ്!പെന്‍ഡ് ചെയ്യുകയും മറ്റു ചിലരെ സ്ഥലം മാറ്റുകയും ചെയ്തു. ഈ പ്രശ്‌നത്തിനുള്ള പരിഹാരം അതല്ല. ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയും അതല്ല. അവര്‍ക്കുള്ള നീതിയും അതല്ല. ഈ കേസ് ഇങ്ങനെ അവസാനിക്കാന്‍ പാടില്ല. അതിനു നാം അനുവദിച്ചുകൂടാ. യുഎസില്‍ പൊലീസിന്റെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ലോയ്ഡിന്റെ മരണം പോലെ തന്നെയാണിത്. ഈ നിരപരാധികള്‍ക്കു നീതി ലഭിക്കണം. അതിനു വേണ്ടി പൊരുതാന്‍ നാം ഓരോരുത്തരും തയ്യാറാകണം’.

കഴിഞ്ഞ 19നാണ് ജയരാജിനെയും ബെന്നിക്‌സിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു ദിവസം പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിനുശേഷം പിറ്റേന്നു കോടതിയില്‍ ഹാജരാക്കി. ജയിലിലെത്തിക്കുമ്പോള്‍ ബെന്നിക്‌സിന്റെ മാറിലും കാലിലും ജയരാജിന്റെ കാലിലും പരുക്കുണ്ടായിരുന്നതായി ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നു.