വി.എസ് പറഞ്ഞത് ശരി… പാർട്ടിയുടെ കരുത്തും സ്വാധീനവും ദുർബലമാകുന്നു… നേരിടേണ്ടി വന്നത് ദയനീയ പരാജയമെന്ന് യെച്ചൂരി

ന്യൂഡൽഹി: പാർട്ടിയുടെ കരുത്തും സ്വാധീനവും ദുർബലമാകുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയത്തിൽ ബിജെപിയും കോൺഗ്രസ്സും ജനങ്ങളെ തെറ്റുധരിപ്പിച്ചുവെന്നും വിശ്വാസികളായ അനുഭാവികളെ തിരിച്ചെത്തിക്കാൻ ശ്രമിക്കുമെന്നും യെച്ചൂരി പറഞ്ഞു.

വി.എസ് പറഞ്ഞത് ശരിയാണെന്നും പാർട്ടിയുടെ കരുത്തും സ്വാധീനവും ദുർബലമാകുന്നുവെന്നും നേരിടേണ്ടി വന്നത് ദയനീയ പരാജയമാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

ബംഗാളിൽ ബിജെപിക്കും തൃണമൂലിനുമെതിരെ സഖ്യമുണ്ടാക്കാൻ കോൺഗ്രസ് തയ്യാറായില്ലെന്നും യെച്ചൂരി ഡൽഹിയിൽ പറഞ്ഞു.

തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയം വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസമാണ് സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഡൽഹിയിൽ ചേർന്നത്. കേരളം, ബംഗാൾ തുടങ്ങി സിപിഎമ്മിന്റെ സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ പോലും ഉണ്ടായ വോട്ട് ചോർച്ചയും, ദയനീയ പരാജയവും കമ്മിറ്റി വിലയിരുത്തിയിരുന്നു.

പാർട്ടിയുടെ പ്രവർത്തനത്തെ വിമർശിച്ച് മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ സിപിഎം കേന്ദ്രകമ്മിറ്റിയ്ക്ക് കത്തയച്ചിരുന്നു. കേരളത്തിൽ സിപിഎം ജനങ്ങളിൽ നിന്ന് അകന്നത് ഗൗരവമായി പരിശോധിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ശബരിമല വിഷയത്തിൽ പാർട്ടിക്ക് നഷ്ടപ്പെട്ട പിന്തുണ തിരിച്ചുപിടിക്കണമെന്ന് സിപിഎം കേരളാ ഘടകത്തിന് കേന്ദ്രകമ്മിറ്റിയുടെ നിർദ്ദേശം നൽകിയിരുന്നു. അതിനാവശ്യമായ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു.

തോല്‍വിയെക്കുറിച്ച് ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് വി.എസ് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പില്‍ മത-വര്‍ഗ്ഗീയ ശക്തികള്‍ രാഷ്ട്രീയമായി മുന്നേറുമ്പോള്‍ തൊടുന്യായം കണ്ടെത്താതെ തോല്‍വിയുടെ കാരണത്തെക്കുറിച്ച് ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്നും ഇടതുപക്ഷം ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇടതുപക്ഷത്തിന് ഇനി ജനവിശ്വാസം നേടാന്‍ ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ മറ്റ് കുറുക്കുവഴികളില്ലെന്നും ഇന്ത്യയില്‍ ഇടതുപക്ഷത്തിന് ഭാവിയില്ലെന്ന സഹയാത്രികരുടെ വിലാപം തെറ്റായ ബോധമാണെന്നും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ തെറ്റായി പൊതുവിലയിരുത്തല്‍ ഉണ്ടായ സാഹചര്യവും ഗൗരവകരമായി കാണണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.