പാലാരിവട്ടം പാലം അഴിമതി; കൂടുതല്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തു

പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തു. ആറ് ഉദ്യോഗസ്ഥരെയാണ് പ്രതി ചേര്‍ത്തത്. ഇതില്‍ നാല് പേര്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരും രണ്ട് പേര്‍ കിറ്റ്‌കോ ഉദ്യോഗസ്ഥരുമാണ്. പൊതുമരാമത്തിലെ സ്‌പെഷ്യല്‍ സെക്രട്ടറി സോമരാജന്‍, അണ്ടര്‍ സെക്രട്ടറി ലതാ കുമാരി, അഡീഷണല്‍ സെക്രട്ടറി സണ്ണി ജോണ്‍, ഡെപ്യൂട്ടി സെക്രട്ടറി പിഎ രാജേഷ് എന്നിവരെയാണ് പ്രതിചേര്‍ത്തത്. കിറ്റ്‌കോയിലെ എഞ്ചിനീയര്‍ എ എച്ച് ഭാമ, കണ്‍സള്‍ട്ടന്റ് റെജി സന്തോഷ് എന്നിവരേയുമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.

പൊതുമരാമത്തിലേയും കിറ്റ്‌കോയിലേയും ഈ ആറ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് മൊബിലൈസേഷന്‍ ഫണ്ട് അനുവദിച്ചതെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ അനുവദിച്ച എട്ട് കോടി 25 ലക്ഷം രൂപ ഉദ്യോഗസ്ഥര്‍ക്ക് വീതിച്ചെടുക്കാന്‍ വേണ്ടിയാണെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

ടെന്‍ഡറിലോ കരാറിലോ ഇല്ലാത്ത എട്ടേകാല്‍ കോടി രൂപ ചട്ടവിരുദ്ധമായി മൊബിലൈസേഷന്‍ അഡ്വാന്‍സ് ആര്‍ഡിഎസ് പ്രോജക്ട് ലിമിറ്റഡിന് നല്‍കി. 13.5 ശതമാനം പലിശയ്ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ലോണ്‍ നല്‍കുമ്പോള്‍ 7 ശതമാനം പലിശയ്ക്ക് ആര്‍ഡിഎസിന് അഡ്വാന്‍സ് നല്‍കി. ഈ പലിശയിളവ് നല്‍കിയതിലൂടെ 85 ലക്ഷം രൂപയാണ് നഷ്ടമുണ്ടായത്. പാലം നിര്‍മാണത്തിലെ ഡിസൈനിലും ഗുണനിലവാരത്തിലുമുള്ള ക്രമക്കേട് മൂലം പൊതു ഖജനാവിന് 13 കോടി രൂപയുടെ നഷ്ടമാണുണ്ടാക്കിയത്.

നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമ വിവി നാഗേഷിനെ വിജിലന്‍സ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പാലത്തിന്റെ രൂപകല്‍പനയ്ക്കായി 17 ലക്ഷം രൂപയാണ് നാഗേഷ് ഈടാക്കിയത്. ഇതേ രൂപ കല്‍പ്പന തന്നെ ജിപിടി ഇന്‍ഫ്രാടെക്ക് എന്ന കമ്പനിക്കും നാഗേഷ് നല്‍കിയിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അനധികൃതമായി വായ്പ നല്‍കാന്‍ കൂട്ടുനിന്നെന്ന കേസില്‍ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനേയും വിജിലന്‍സ് പ്രതി ചേര്‍ത്തിട്ടുണ്ട്. കേസില്‍ പത്താം പ്രതിയായാണ് മുഹമ്മദ് ഹനീഷിനെ ചേര്‍ത്തിരിക്കുന്നത്. കിറ്റ്‌കോ കണ്‍സല്‍ട്ടന്റുമാരായ എംഎസ് ഷാലിമാര്‍, നിഷ തങ്കച്ചി, ബംഗളൂരു നാഗേഷ് കണ്‍സള്‍ട്ടന്‍സിയിലെ എച്ച്എല്‍ മഞ്ജുനാഥ്, സോമരാജന്‍ എന്നിവരേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ ക്രമ വിരുദ്ധ ഇടപെടലുകളുടെ നീണ്ട നിരതന്നെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇരുപത്തഞ്ചോളം ക്രമമവിരുദ്ധ ഇടപെടലുകളാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ വികെ ഇബ്രാംഹിംകുഞ്ഞ് നടത്തിയത്.