നെടുങ്കണ്ടം‍ കസ്റ്റഡി മരണം, ആറ് പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടും; 45 ലക്ഷം നഷ്ടപരിഹാരം

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ പ്രതികളായ എസ്‌.ഐ കെ.എ സാബു ഉള്‍പ്പെടെ ആറ് പേരെ സര്‍വ്വീസില്‍ നിന്ന് പിരിച്ച്‌ വിടാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. കെ നാരായണക്കുറുപ്പ് കമ്മീഷന്റെ ശുപാര്‍ശയിലാണ് നടപടി. എസ്‌.ഐ കെ.എ സാബു, എ.എസ്‌.ഐ റോയി, ഡ്രൈവര്‍ നിയാസ്, കോണ്‍സ്റ്റബിള്‍ ജിതിന്‍, ഹോംഗാര്‍ഡ് ജെയിംസ്, റിജിമോന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. കൂടാതെ വനിത പൊലീസ് ഉദ്യോഗസ്ഥരായ ഗീതു, അമ്ബിളി എന്നിവര്‍ക്കെതിരെ പിഴ ചുമത്താനും വകുപ്പ് തല നടപടിയെടുക്കാനും നിര്‍ദേശം നല്‍കി.

2019 ജൂണ്‍ 12 മുതല്‍ 15 വരെ മൂന്ന് ദിവസം രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതേസമയം രാജ്കുമാറിന്റെ ചികിത്സയില്‍ വീഴ്ച വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തും. ഒപ്പം രാജ്‌കുമാറിന്റെ ഭാര്യക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും, അമ്മക്ക് 5 ലക്ഷം രൂപയും നല്‍കും.

ഇത്തരത്തില്‍ 45 രൂപ നഷ്ടപരിഹാരമായി നല്‍കാനും നിര്‍ദേശം നല്‍കി. സാമ്ബത്തിക തട്ടിപ്പ് കേസില്‍ 2019 ജൂണ്‍ 12നാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതെങ്കിലും ജൂണ്‍ 15നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാന്‍ഡിലിരിക്കെ മരണപ്പെടുകയായിരുന്നു. ആദ്യം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.