ക്ലാപ്പ് ചെയ്യുമ്പോള്‍ വൈറസ് നശിച്ചുപോകുമെന്ന് മോഹന്‍ലാല്‍, കംപ്ലീറ്റ് ദുരന്തമെന്ന് സോഷ്യല്‍ മീഡിയ

രാജ്യത്ത് രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച ജനത കര്‍ഫ്യൂവിനോട് എല്ലാവരും സഹകരിക്കണമെന്ന് നടന്‍ മോഹന്‍ലാല്‍. ഒരുപാട് പേര്‍ ഇത് സീരിയസായി കാണുന്നില്ല എന്ന് പറയുന്നതില്‍ സങ്കടമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. വൈകുന്നേരം അഞ്ച് മണിക്ക് എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുമ്പോള്‍ ഒരുപാട് വൈറസും ബാക്റ്റീരിയയും നശിച്ചുപോകാന്‍ സാധ്യതയുണ്ടെന്നും അത് അങ്ങനെ നശിച്ചുപോകട്ടെ എന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. ചെന്നൈയിലെ വീട്ടിലാണ് താനിപ്പോള്‍ ഉളളതെന്നും ഇന്ന് പുറത്തിറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ് താരത്തിന്റെ പ്രതികരണം. കൊറോണയെ പ്രതിരോധിക്കാന്‍ ശാസ്ത്രീയതയില്‍ ഊന്നി മുന്നോട്ടു പോകുമ്പോള്‍ ഇത്തരത്തിലുള്ള അശാസ്ത്രീയത പ്രചരിപ്പിക്കാന്‍ എങ്ങനെയാണ് സാധിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിങ്ങള്‍ കംപ്ലീറ്റ് ആക്ടര്‍ അല്ലെന്നും കംപ്ലീറ്റ് ദുരന്തമാണെന്നും അവര്‍ പറയുന്നുണ്ട്

മോഹന്‍ലാല്‍ പറഞ്ഞത് പൂര്‍ണരൂപം

ഞാന്‍ ഇപ്പോള്‍ ഉളളത് മദ്രാസിലാണ്. ചെന്നൈയില്‍ എന്റെ വീട്ടിലാണ്. ഒരാഴ്ച മുമ്പെ ഞാന്‍ ഇവിടെ വന്നിട്ട് പിന്നെ തിരിച്ച് പോകാന്‍ സാധിക്കാതെ വന്നു. എന്റെ അമ്മ എറണാകുളത്താണ്. നമ്മള്‍ വളരെയധികം കെയര്‍ എടുത്തിട്ടാണ് ഇരിക്കുന്നത്. എറണാകുളത്തെ വീട്ടിലേക്ക് ഗസ്റ്റുകളെ ഒന്നും പ്രവേശിപ്പിക്കുന്നില്ല. ആരും വരരുതെന്ന് അറിയിച്ചിട്ടുണ്ട്. കാരണം എന്റെ അമ്മയ്ക്ക് വയ്യാതെ ഇരിക്കുന്നതിനാല്‍ എക്സ്ട്രാ കെയര്‍ എടുക്കുകയാണ്. മദ്രാസിലെ വീട്ടിലായാലും നമ്മള്‍ പുറത്ത് പോകാതിരിക്കുകയാണ്. ആവശ്യത്തിന് മാത്രം സാധനങ്ങള്‍ വാങ്ങിക്കാന്‍ നമ്മുടെ വീട്ടില്‍ നില്‍ക്കുന്ന ആള്‍ക്കാരെ വിടും. നമ്മള്‍ അധിക കരുതല്‍ എടുക്കുക തന്നെ വേണം. കാരണം ഇത് ആദ്യമായി സംഭവിക്കുന്ന കാര്യമാണ്. നമുക്ക് ശീലമില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇത് ശീലമാക്കണം. മഹാവിപത്തിനെ നേരിടാന്‍ നമ്മള്‍ ഒറ്റക്കെട്ടായി രാജ്യം നില്‍ക്കുമ്‌ബോള്‍ അതിന്റെ കൂടെ സഹകരിക്കുക എന്നുളളത് ഒരു പൗരന്‍ എന്ന നിലയില്‍ രാജ്യത്തെ സ്നേഹിക്കുന്നയാള്‍ എന്ന നിലയില്‍ ലോകത്തെ സ്നേഹിക്കുന്നയാള്‍ എന്ന നിലയില്‍ നമ്മുടെ ധര്‍മ്മമാണ്.

ഒരുപാട് പേര്‍ ഇത് സീരിയസായി കാണുന്നില്ല എന്ന് പറയുന്നതില്‍ സങ്കടമുണ്ട്. തനിക്ക് വരില്ല എന്നുളള രീതിയിലാണ്, അല്ലെങ്കില്‍ എന്തെങ്കിലും ചെറിയ പനിയോ കാര്യങ്ങളോ ഉണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണം. നമുക്ക് മാത്രമല്ല, ഒരുപാട് പേര്‍ക്ക് നാം പകര്‍ന്ന് കൊടുക്കാന്‍ സാധ്യതയുളള ഒരു മഹാവിപത്താണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അതിനെ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ പറഞ്ഞത് അനുസരിച്ചും അല്ലെങ്കിലും നമ്മളുടെ സ്വന്തം മനസില്‍ നിന്ന് ധാരണയുണ്ടായി എല്ലാവരും പ്രവര്‍ത്തിക്കണമെന്നാണ് അപേക്ഷിക്കുന്നത്. തീര്‍ച്ചയായും ഇന്ന് ഒമ്ബത് മണി വരെ വീട്ടില്‍ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുന്ന വലിയ പ്രോസസാണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു.

വ്യക്തി ശുചിത്വം ഈ ഒരു ദിവസം മാത്രം അല്ലല്ലോ വേണ്ടത്. വ്യക്തി ശുചിത്വം കോളെജുകളിലും സ്‌കൂളുകളിലും എല്ലാം പഠിപ്പിക്കുന്നതാണ്. മറ്റ് കാലങ്ങളില്‍ എല്ലാം നമ്മള്‍ കയ്യും കാലുമൊക്കെ കഴുകിയിട്ടാണ് ഞാന്‍ വരെ വീട്ടിലേക്ക് കയറിക്കൊണ്ടിരുന്നത്. ഇന്ന് അതൊക്കെ മാറി മാറി പോകുകയാണ്. കാര്യമായിട്ട് നമ്മള്‍ ഇതിനെ ഏറ്റെടുക്കണമെന്നാണ് പറയാനുളളത്.

ആരാധകർ പറയുന്നത്

ആലങ്കാരികമായി ലാലേട്ടൻ പറഞ്ഞതാണെന്ന് ന്യായീകരിക്കുന്നവരോട് :
ലാലേട്ടനാണ് .കോടിക്കണക്കിനു മലയാളികളുടെ ഇൻഫ്ലുവെൻഷ്യൽ പേഴ്സണാലിറ്റി .അദ്ദേഹം പറയുന്നത് കണ്ണടച്ച് വിശ്വസിക്കാൻ കാത്തിരിക്കുന്ന ഒരുപാട് ജനതയുണ്ട് ചുറ്റും .ആ സ്ഥിതിക്ക് അദ്ദേഹം ശാസ്ത്രീയത ഇല്ലാത്ത കാര്യങ്ങൾ ഈ ആരോഗ്യ അടിയന്തിരാവസ്ഥ കാലത്ത് പറയുന്നത് നല്ലതല്ല തന്നെ .ശരികൾ പ്രൊജക്റ്റ് ചെയ്യുകയും തെറ്റുകൾ നിരീക്ഷിച്ചു ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നവരാണ് ഒരു യഥാർത്ഥ ആരാധകൻ എന്ന് കരുതാനാണിഷ്ടം