വെട്ടിയിട്ട ബായത്തണ്ട് പോലെ കെടക്കണ കെടപ്പ് കണ്ടാ എളാപ്പ; മരക്കാറിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

ഷഫീക്ക് മട്ടന്നൂര്‍

വലിയ വിവാദങ്ങളോടെയായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ മലയാളത്തിലിറക്കിയത്. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം റിലീസ് വരെ വിവാദങ്ങളായിരുന്നു. എന്നാല്‍ ഇന്ന് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു, മരക്കാര്‍ നിരാശപ്പെടുത്തിയെന്ന്. വെട്ടിയിട്ട ബായത്തണ്ട് പോലെ കെടക്കണ കെടപ്പ് കണ്ടാ എളാപ്പ എന്ന ഡയലോഗും കൂടെ ഒടിയനിലെ കഞ്ഞിയെടുക്കട്ടെ എന്ന സീനും പ്രേക്ഷകരുടെ മരക്കാറിന്റെ പ്രതികരണവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

സോഷ്യല്‍ മീഡിയ ട്രോളുകള്‍ കൊണ്ട് നിറയുകയാണ്. ഇതിനേക്കാള്‍ ബെറ്ററായിരുന്നു ഒടിയനും മാമാങ്കവുമെന്ന് ചിലര്‍ പറയുന്നു. മരക്കാര്‍ ബാഹുബലിയെ മറികടന്നോ എന്ന ചോദ്യത്തിന് തേങ്ങാക്കൊലയെന്നാണ് പ്രേക്ഷകന്റെ മറുപടി. ഫാന്‍സുകാര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല മരക്കാറിന് ഇത്രയ്ക്ക് നെഗറ്റീവ് റിവ്യൂസ് കിട്ടുമെന്നതാണ് സത്യം. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ്. മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, സുനില്‍ ഷെട്ടി, പ്രഭു, അര്‍ജുന്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിര ഉണ്ടായിട്ടും പടം നിരാശയമാണ് സമ്മാനിക്കുന്നത് എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു.

എന്നാല്‍ പടം സാമ്പത്തികമായി വിജയിക്കാന്‍ സാധ്യതയേറെയാണ്. കാരണം റിലീസിന് മുന്നേ ടിക്കറ്റുകള്‍ 100 കോടിയിലെറെ വിറ്റഴിഞ്ഞിരുന്നു. മമ്മൂട്ടിയെ നായകനാക്കി ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ശിവന്‍ ആയിരുന്നു മരക്കാര്‍ ആദ്യമായി പ്രഖ്യാപിച്ചത്. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും പടം അനൗണ്‍സ് ചെയ്തു. പിന്നീട് വിവാദമായിരുന്നു. നിശ്ചിത ഡേറ്റിനകം പടം തുടങ്ങിയില്ലെങ്കില്‍ താന്‍ ഷൂട്ടിങ് തുടങ്ങുമെന്ന് പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചതോടെ മമ്മൂട്ടി ചിത്രത്തിന്റെ പ്രോജക്ട് പിന്‍വലിക്കുകയാരിുന്നു. എന്നാല്‍ അത് തന്നെ മതിയായിരുന്നു എന്നാണ് മോഹന്‍ലാലിന്റെ മരക്കാര്‍ കണ്ട പ്രേക്ഷകര്‍ പറയുന്നത്.

ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചും വലിയ വിവാദമായിരുന്നു ഉണ്ടായിരുന്നത്. ആമസോണില്‍ റിലീസ് ചെയ്യാനായിരുന്നു ആന്റണി പെരുമ്പാവൂര്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ തീയേറ്റര്‍ ഉടമകളും മന്ത്രി സജി ചെറിയാനും ഇടപെട്ടു. തീയേറ്റര്‍ ഉടമകളും നിര്‍മാതാക്കളുടെ സംഘടനുയും ആന്റണി പെരുമ്പാവൂരും തമ്മില്‍ തുറന്ന യുദ്ധമായി. ഒടിടിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണിയും തീയേറ്ററില്‍ റിലീസ് ചെയ്താല്‍ മലയാള സിനിമ രക്ഷപ്പെടുമെന്ന് തീയേറ്റര്‍ ഉടമകളും. അവസാനം തീയേറ്റര്‍ റിലീസ് തീരുമാനിക്കുകയായിരുന്നു. എന്നാലിപ്പോള്‍ പ്രേക്ഷകര്‍ പറയുന്നത് ആമസോണില്‍ റിലീസ് ചെയ്താല്‍ മതിയായിരുന്നു എന്നും തീയേറ്ററില്‍ പോയി കാശ് കാലിയായെന്നുമാണ്.