സോളാര്‍ പീഡനക്കേസില്‍ കെസി വേണുഗോപാലിനെതിരേ ഡിജിറ്റല്‍ തെളിവുകള്‍; പരാതിക്കാരി ദൃശ്യങ്ങള്‍ കൈമാറി

സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിനെതിരെ ഡിജിറ്റല്‍ തെളിവുകളുമായി പരാതിക്കാരി. 2012 മേയ് മാസം മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയത്. കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന മൊഴിയെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് പരാതിക്കാരി സിബിഐയ്ക്ക് ഡിജിറ്റല്‍ തെളിവുകള്‍ നല്‍കിയിരിക്കുന്നത്.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ തെളിവുകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. നേരത്തെ തന്നെ പരാതിക്കാരി തന്റെ പക്കല്‍ ഡിജിറ്റല്‍ തെളിവുകളുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അന്ന് പരാതിക്കാരി തെളിവുകള്‍ നല്‍കിയിരുന്നില്ല. കേസ് സിബിഐയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് ഡിജിറ്റല്‍ തെളിവുകള്‍ കൈമാറിയിരിക്കുന്നത്.