ഉമ്മന്‍ ചാണ്ടി പരസ്യ സംവാദത്തിന് തയാറുണ്ടോ; വെല്ലുവിളിച്ച്‌ സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി

തിരുവനന്തപുരം ; സോളാര്‍ പീഡനക്കേസില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും പരാതിക്കാരി. പന്ത്രണ്ടാം തീയതിയാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. അതിന് ശേഷമാണ് ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ആക്കിയതെന്നും യു ഡി എഫ് നേതാക്കളുടെ വിമര്‍ശനങ്ങള്‍ സംബന്ധിച്ച്‌ മാധ്യമങ്ങളോട് പ്രതികരിക്കവേ പരാതിക്കാരി പറഞ്ഞു. തന്റെ ആവശ്യം അംഗീകരിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ അവര്‍ നന്ദി അറിയിച്ചു. താനുമായി ബന്ധമില്ലെന്ന് പറയുന്ന ഉമ്മന്‍ ചാണ്ടി പരസ്യ സംവാദത്തിന് തയാറുണ്ടോയെന്ന് പരാതിക്കാരി വെല്ലുവിളിച്ചു.

രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷം കുറെക്കാലമായി ആവര്‍ത്തിക്കുന്നതാണ്. പോലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതു കൊണ്ടല്ല സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്. നശിപ്പിച്ച രേഖകളും മറ്റും കണ്ടെത്തണമെങ്കില്‍ കേന്ദ്ര ഏജന്‍സി വരണം. 16 പരാതികള്‍ ആകെ നല്‍കിയതില്‍ എഫ് ഐ ആര്‍ ഇട്ടത് ആറ് കേസുകളില്‍ മാത്രമാണ്. ആ കേസുകളിലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്. എ പി അബ്ദുല്ലക്കുട്ടിക്ക് എതിരെ നല്‍കിയ പരാതിയില്‍ അഞ്ച് വര്‍ഷമായിട്ടും നടപടി ഉണ്ടായിട്ടില്ല. ഇതൊക്കെ കൊണ്ടാണ് കേസ് സി ബി ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടതെന്നും അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനായിരുന്നു തീരുമാനമെന്നും പരാതിക്കാരി വ്യക്തമാക്കി.