അഞ്ചുമക്കൾക്ക് പോലീസ് വിലയിട്ട സംഭവം: ഒത്തുതീർപ്പിന് അണിയറയിൽ തിരക്കിട്ട നീക്കം

കൊച്ചി: കേസന്വേഷണത്തിനു മാത്രമല്ല, ചില സന്ദര്‍ഭങ്ങളില്‍ വിവാഹദല്ലാളാകാനും എറണാകുളം നോര്‍ത്ത് പോലീസ് തയ്യാറാണ്. അഞ്ചുമക്കള്‍ക്ക് പോലീസ് അഞ്ചുലക്ഷം വിലയിട്ട സംഭവത്തിലാണ് പോലീസിന്റെ ഒത്തുതീര്‍പ്പുനീക്കം നടത്തുന്നത്. കേസില്‍ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റിലായ ആള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹംചെയ്തുകൊടുക്കാനാണ് പോലീസിന്റെ ശ്രമം.

പ്രതിയെയും പെണ്‍കുട്ടിയെയും തീവണ്ടിയില്‍ ഒരേ ബോഗിയില്‍ ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പോലീസുകാര്‍ പെണ്‍കുട്ടിക്ക് ഇത്തരത്തില്‍ ഉപദേശം നല്‍കിയതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. പെണ്‍കുട്ടിയോട്, മെഡിക്കല്‍ പരിശോധനയില്‍ ആറാഴ്ച ഗര്‍ഭിണിയാണെന്നും പരിഹാരമായി ബലാത്സംഗം ചെയ്തയാളെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്നും പറഞ്ഞതായാണ് ആരോപണം.

എന്നാൽ, ഇത്തരത്തിൽ പെൺകുട്ടിയെ നിർബന്ധിച്ചിട്ടില്ലെന്നും ‘കോടതിയിൽ വന്ന് പെൺകുട്ടിയെ കല്യാണം കഴിക്കാമെന്നു പറഞ്ഞാൽ ചിലപ്പോൾ കോടതി വിടു’മെന്ന് പ്രതിയുടെ ബന്ധുക്കളെ അറിയിക്കുക മാത്രമേ ചെയ്തുള്ളൂവെന്നുമാണ് എ.എസ്.ഐ. വിനോദ് കൃഷ്ണ പറയുന്നത്.പ്രതിയുടെ പിതാവ് ഒട്ടേറെത്തവണ ഫോണിൽ ബന്ധപ്പെട്ടതായും പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. ഇയാൾക്ക് ഫോൺനമ്പർ നൽകിയത് പോലീസാണെന്നും ഇവർ ആരോപിച്ചു.