സൗഭാഗ്യ വെങ്കിടേഷ് പറയുന്നു, കല്യാണം കഴിഞ്ഞപ്പോളേ ചിലർ ചോദിച്ചു ഡിവോഴ്‌സ് ഉടനെ ഉണ്ടോ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടിയും നര്‍ത്തകിയുമായി താര കല്യാണിന്റെ മകളായ സൗഭാഗ്യ ടിക് ടോക്കിലെ മിന്നും താരമായിരുന്നു. കേന്ദ്ര ഗവണ്‍മെന്റ് ടിക് ടോക്ക് നിരോധിച്ചതിന് പിന്നാലെ ടിക് ടോക്ക് സൗഭാഗ്യ നീക്കം ചെയ്തിരുന്നു. ടിക് ടോക് കേന്ദ്രം നിരോധിച്ചതിന് പിന്നാലെയായിരുന്നു സൗഭാഗ്യ ആപ്ലിക്കേഷന്‍ ഡിലീറ്റ് ചെയ്തത്. 15 ലക്ഷത്തോളം പേരാണ് സൗഭാഗ്യയെ ടികി ടോക്കില്‍ പിന്തുടരുന്നത്. അഞ്ച് ലക്ഷത്തോളം പേരാണ് താര കല്യാണിനെ പിന്തുടരുന്നുണ്ട്. സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുന് 20,000 ഫോളോവേഴ്‌സും. കുടുംബത്തിന് ഒന്നടങ്കം 20 ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സ് ആണ് ഉള്ളത്. ഇപ്പോള്‍ ടിക് ടോക്ക് നീക്കം ചെയ്തതിനെ കുറിച്ചും ടിക് ടോക്ക് വീട്ടില്‍ വരുത്തിയ മാറ്റത്തെ കുറിച്ചും പറയുകയാണ് സൗഭാഗ്യ.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ടിക് ടോക്കിനോട് വിട പറഞ്ഞതിനെ കുറിച്ച് സൗഭാഗ്യ അറിയിച്ചത്. ഒറ്റരാത്രി കൊണ്ടു ഗുഡ്‌ബൈ പറഞ്ഞത് എന്റെ ഏറ്റവും പ്രിയപ്പെട്ട 15 ലക്ഷം ഫോളോവേഴ്‌സിനോടാണെന്നും അതിന് ഏറെനേരമൊന്നും ചിന്തിക്കേണ്ടി വന്നില്ലെന്നും താരം പറയുന്നു. ടിക്ടോക് പോയെന്നുവച്ച് ലോകാവസാനം ഒന്നുമല്ലല്ലോ. അമ്മയുടെ അക്കൗണ്ട് 5 ലക്ഷം പേര്‍ പിന്തുടരുന്നുണ്ട്. ഭര്‍ത്താവ് അര്‍ജുന്റെ പുതിയ അക്കൗണ്ടില്‍ 20,000ല്‍ അധികം പേരും. ചുരുക്കത്തില്‍ ഞങ്ങളുടെ ഫാമിലിയുടെ ആകെ വ്യൂവര്‍ഷിപ് ഏകദേശം 20.2 ലക്ഷത്തിനടുത്തു വരും. തിങ്കളാഴ്ച വൈകിട്ട് സര്‍ക്കാര്‍ തീരുമാനം വന്നയുടന്‍ എന്റെ അക്കൗണ്ട് നീക്കം ചെയ്യാന്‍ തീരുമാനിച്ചു. ഡിലീറ്റ് ചെയ്യുന്നതിനിടെ ടിക്ടോക് ഒരാവര്‍ത്തികൂടി ഉറപ്പാണോയെന്നു ചോദിച്ചു കണ്ണുമടച്ച് ഡിലീറ്റ് കൊടുത്തു.- ഒറു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സൗഭാഗ്യ പറഞ്ഞു.

അതിന്റെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് ടിക്ടോക്കിനോടു ഗുഡ്‌ബൈ ചൊല്ലിയത്. പലരും ചോദിച്ചു, ടിക്ടോക് നിരോധനം തളര്‍ത്തിയോ എന്ന്? ഒരിക്കലുമില്ല. ടിക്ടോക് ആപ്പിനാണു നിരോധനം, കലാകാരന്മാര്‍ക്കല്ല. വല്ലഭനു പുല്ലുമായുധം എന്നു പറയുംപോലെ നല്ല കലാകാരന്മാര്‍ ഏതു പ്ലാറ്റ്‌ഫോമിലും ശോഭിക്കും. ആപ് നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പൂര്‍ണ പിന്തുണ. ഇതു നല്ലൊരു പ്രതിഷേധമല്ലേ? ഇത്രയും ഫോളോവേഴ്‌സ് ഉള്ളതിനാല്‍ ടിക്ടോക് വഴി പലതരം ബ്രാന്‍ഡ് പ്രമോഷന്‍ ചെയ്യുന്നുണ്ടായിരുന്നു. ഓണ്‍ലൈനില്‍നിന്നു ലഭിച്ചിരുന്ന വലിയൊരു വരുമാനം ഇതോടെ ഇല്ലാതാകുമെന്നും അറിയാം. എങ്കിലും സാരമില്ല, രാജ്യമല്ലേ വലുത്. ഒരു സൈനിങ് ഓഫ് ‘സെന്റി മൂഡ്’ വിഡിയോ ഇടാന്‍ പോലും തോന്നിയില്ലെന്നതാണു സത്യം.

അമ്മയെ ടിക്ടോക്കിലേക്കു നിര്‍ബന്ധിച്ചാണു കൊണ്ടുവന്നത്. ആദ്യമൊക്കെ ചമ്മല്ലായിരുന്നു. പിന്നീട് എല്ലാം സെറ്റായി. ഞങ്ങള്‍ ഒരുമിച്ചു ചെയ്ത ഒരു നൃത്ത വിഡിയോ ഗ്ലോബല്‍ ഫീച്ചര്‍ ലിസ്റ്റിലൂടെ വൈറലായി. അമ്മ ടിക്ടോക് പഠിച്ചതോടെ ഞാനുപയോഗിച്ച അതേ ടെക്‌നിക് അമ്മ അമ്മൂമ്മയുടെ അടുത്ത് പ്രയോഗിച്ചു. പതിയെപ്പതിയെ അമ്മൂമ്മയെയും ടിക്ടോക്കിന്റെ വഴിക്കാക്കി. ഞാന്‍ അമ്മയെവച്ചു ഷൂട്ട് ചെയ്യുന്നതുപോലെ അമ്മ അമ്മൂമ്മയെ വച്ചു ഷൂട്ട് ചെയ്യാന്‍ തുടങ്ങി. അമ്മൂമ്മയുടെ വിഡിയോകളില്‍ ശിവാജി ഗണേശന്റെ കാലത്തെ പാട്ടുകളാണെങ്കില്‍, അമ്മയുടെ വിഡിയോകളില്‍ കമല്‍ഹാസന്റേതായിരുന്നു. ജനറേഷന്‍ ഗ്യാപ് ഇങ്ങനെയൊക്കെയല്ലേ? അമ്മൂമ്മയ്ക്കും ടിക്ടോക് അക്കൗണ്ട് ഉണ്ടെങ്കിലും അത്ര സജീവമല്ലെന്നു മാത്രം.

ഓരോ വിഡിയോയ്ക്കു പിന്നിലും ചെറുതല്ലാത്ത അധ്വാനമുണ്ട്. നീണ്ട സിനിമാ ഡയലോഗുകളാണെങ്കില്‍ കുത്തിയിരുന്ന് കാണാതെ പഠിക്കണം. ഡയലോഗുകള്‍ക്കിടയിലെ നിര്‍ത്തലുകള്‍ ഓര്‍ത്തിരിക്കണം. ഭാവം, ആംഗ്യം എല്ലാം കൃത്യമായിരിക്കണം. ഇതു പഠിച്ചാല്‍ ഫ്‌ലോ ആയിക്കോളും. ക്യാമറ വ്യത്യസ്ത രീതിയില്‍ ചലിപ്പിച്ച് ചാലഞ്ചിങ് വിഡിയോകള്‍ എടുക്കുന്നതാണ് ഇഷ്ടം. ഒരു മില്യന്‍ വ്യൂവര്‍ഷിപ് വന്ന വിഡിയോകളൊക്കെ അങ്ങനെ ചെയ്തതാണ്. ക്യാമറ കൈകൊണ്ടു ചലിപ്പിച്ച് പതിയെ മേശയിലെ പുസ്തകങ്ങള്‍ക്കു മുകളില്‍ പ്രത്യേക രീതിയില്‍ വച്ചൊക്കെയാണ് ഷൂട്ടിങ്. ഈയിടെയായി ടിക്ടോക്കില്‍ അല്‍പം ‘ഗുണ്ടായിസ’മൊക്കെ ചിലര്‍ തുടങ്ങിയിരുന്നു. കുറെയാളുകള്‍ സംഘം ചേര്‍ന്ന് ചിലരുടെ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്തു പൂട്ടിക്കുക, വ്യക്തിപരമായി അധിക്ഷേപിക്കുക… എത്രത്തോളം നെഗറ്റീവ് ആകാമോ അത്രത്തോളം നെഗറ്റീവ് ആയിട്ടായിരുന്നു കമന്റുകളേറെയും. എന്റെ കല്യാണം കഴിഞ്ഞപ്പോള്‍ ഏറെപ്പേര്‍ ചോദിച്ചത് ‘ഡിവോഴ്‌സ് ഉടനെയുണ്ടോ?’ എന്നായിരുന്നു. കുറെ നാളായി ആകെയൊരു ശ്വാസംമുട്ടലായിരുന്നു.- സൗഭാഗ്യ പറഞ്ഞു.