Home world ഫുട്‌ബോള്‍ കളിക്കുന്നത് ഹറാമാണെന്ന് പ്രസംഗം, പിന്നാലെ ലോകകപ്പ് വേദിയില്‍ സാക്കിര്‍ നായിക്ക്

ഫുട്‌ബോള്‍ കളിക്കുന്നത് ഹറാമാണെന്ന് പ്രസംഗം, പിന്നാലെ ലോകകപ്പ് വേദിയില്‍ സാക്കിര്‍ നായിക്ക്

ദോഹ. ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന പരിപാടിയിലേക്ക് വിവാദ ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ക്ഷണിച്ചത് വിവാദത്തില്‍. ഇസ്ലാമിന് ഫുട്ബോള്‍ ഹറാമാണെന്ന് പറഞ്ഞിരുന്ന വ്യക്തിയാണ് സാക്കിര്‍ നായിക്ക്. പിന്നാലെ ഇയാള്‍ നാല് പേരെ മതംമാറ്റി എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഇതിനിടെ ഫുട്ബോളിനെപ്പറ്റിയുള്ള സാക്കിര്‍ നായിക്കിന്റെ വിവാദ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.

ഫുട്ബോള്‍ ഒരിക്കലും തൊഴിലായി കണക്കാക്കാന്‍ പാടില്ലെന്നും അത് ഇസ്ലാമില്‍ ഹറാമാണെന്നുമാണ് ഇയാള്‍ വീഡിയോയില്‍ പറഞ്ഞത്. ഇത്തരത്തില്‍ മതപ്രസംഗം നടത്തിയ വ്യക്തിയെ ലോകകപ്പിലേക്ക് ക്ഷണിച്ചത് ലോകരാജ്യങ്ങള്‍ക്കിടയില്‍ അമര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്. ലോകകപ്പ് സമയത്ത് മതപ്രഭാഷകന്‍ സാക്കിര്‍ നായിക് ഖത്തറിലുണ്ടാകുമെന്നും ടൂര്‍ണമെന്റിലുടനീളം നിരവധി മതപ്രഭാഷണങ്ങള്‍ നടത്തുമെന്നും സ്‌പോര്‍ട്‌സ് ചാനലായ അല്‍കാസിന്റെ അവതാരകനായ ഫൈസല്‍ അല്‍ഹജ്രി ട്വീറ്റ് ചെയ്തിരുന്നു.

ആദ്യമായാണ് ഖത്തറില്‍ വെച്ച് ലോകകപ്പ് നടക്കുന്നത്. കളി നടക്കുന്ന സ്റ്റേഡിയങ്ങളില്‍ ബിയര്‍ നിരോധിക്കുകയും വസ്ത്രത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തത് വിവാദമായിരുന്നു. ഇന്ത്യ കൂടാതെ യുകെ, ശ്രീലങ്ക, ബംഗ്ലാദേശ്, കാനഡ എന്നീ രാജ്യങ്ങളിലും ഇയാള്‍ക്ക് വിലക്കുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കല്‍, വിദ്വേഷ പ്രസംഗം, മതപരിവര്‍ത്തനം തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെട്ടതിന് സാക്കിറിനെതിരെ ഇന്ത്യയില്‍ നിരവധി കേസുകളാണ് ഉള്ളത്.