ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തിന് താത്കാലിക സമിതി; രാജകുടുംബത്തിന് ആചാരപരമായ അവകാശമുണ്ടെന്ന് സുപ്രീംകോടതി

ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തിന് താത്കാലിക സമിതി. സമിതിയുടെ ചുമതല ജില്ലാ ജഡ്ജിക്കായിരിക്കും. തിരുവിതാംകൂർ രാജകുടുംബത്തിന് ആചാരങ്ങൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഇന്ദു മൽഹോത്ര, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. വിധിപ്രസ്താവം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വിധിയുടെ പൂർണരൂപം ലഭ്യമായെങ്കിൽ മാത്രമെ നിബന്ധനകളെ കുറിച്ച് അറിയാൻ സാധിക്കു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011 ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ക്ഷേത്രത്തിന്റെ ഭരണവും ആസ്തിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി വിധി.

ക്ഷേത്രത്തിലെ എല്ലാ നിലവറകളും തുറന്ന് ആസ്തിയും മൂല്യവും തിട്ടപ്പെടുത്തണം, നിധികള്‍ പ്രദര്‍ശിപ്പിക്കാന്‍ മ്യൂസിയമുണ്ടാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായര്‍, കെ. സുരേന്ദ്രമോഹന്‍ എന്നിവരുടെ ബെഞ്ച് സര്‍ക്കാരിന് നല്‍കിയിരുന്നു.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുമാണ് 2011 ജനുവരിയില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിരുന്നത്. ക്ഷേത്രത്തിലെ വിവിധ നിലവറകളില്‍ ഉള്ള അമൂല്യനിധികളുടെ കണക്ക് എടുക്കാനും ജസ്റ്റിസുമാരായ സി.എന്‍.രാമചന്ദ്രനും കെ.സുരേന്ദ്ര മോഹനും അടങ്ങുന്ന ഹൈക്കോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു.