ലാലേട്ടനെ ഒന്ന് കാണണമെന്ന് ശ്രീഹരിയുടെ ആ​ഗ്രഹം, സർപ്രൈസ് നൽകി താരം

മലയാള സിനിമയുടെ സ്വകാര്യ അഹങ്കരമാണ് മോഹൻലാൽ. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാകാൻ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.

മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. നിരണം സ്വദേശിയായ ശ്രീഹരിക്ക് തന്റെ 16ാമത്തെ ശസ്ത്രക്രിയയ്ക്ക് മുൻപ് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനെ കാണണമെന്ന ഒരൊറ്റ ആ​ഗ്രഹം മാത്രമാണുണ്ടായിരുന്നത്. എന്നാൽ അവനു വേണ്ടി സോഷ്യൽ മീഡിയ ഒന്നടങ്കം കൈകോർത്തു. ശ്രീഹരിയുടെ ആ​ഗ്രഹം വ്യക്തമാക്കിക്കൊണ്ടുള്ള സന്ദേശം സോഷ്യൽ മീഡിയയും ഏറ്റെടുത്തു. അവസാനം തന്റെ കുഞ്ഞ് ആരാധകന് സർപ്രൈസുമായി മോഹൻലാൽ എത്തി.

കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ നേരിട്ട് കാണാൻ സാധിക്കാത്തതിനാൽ തന്റെ കൊച്ചു ആരാധകനെ താരം ഫോണിലൂടെ വിളിച്ചു സംസാരിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് മോഹൻലാൽ വിളിച്ചത്. മോഹൻലാലിന്റെ ശബ്​ദം കേട്ടതും അമ്മയൊന്ന് അമ്പരന്നു. ഒരു നോക്ക് കാണാനെങ്കിലും പറ്റുമോ എന്നായി അമ്മയുടെ ചോദ്യം. എന്നാൽ കൊവിഡ് കാലമായതിനാൽ അക്കാര്യം സാധ്യമാവാത്തതിനെക്കുറിച്ച്‌ മോഹൻലാൽ വിശദമാക്കി. കുഞ്ഞിനെ മോഹൻലാൽ വിളിച്ചതിൽ സന്തോഷം അറിയിച്ചുകൊണ്ട് ഒരു കുറിപ്പും ബാദുഷ പങ്കുവെച്ചു.

ബാദുഷയുടെ ഫേസ്ബുക്ക് കുറിപ്പ്

‘കഴിഞ്ഞ ദിവസമാണ് ഈ പോസ്റ്റർ ഒരു സുഹൃത്ത് അയച്ചു തരുന്നത്. അപ്പോൾ തന്നെ ഈ മെസേജ് ഞാൻ ലാലേട്ടന് അയച്ചു കൊടുത്തു. ഉടൻ തന്നെ ശ്രീഹരിക്ക് ലാലേട്ടന്റെ വിളിയെത്തി. അവന് വലിയ ആഗ്രഹമായിരുന്നു ലാലേട്ടനെ കാണുക എന്നത്. ശ്രീഹരിയുടെ അസുഖം വേഗത്തിൽ ഭേദമാവട്ടെ.ലാലേട്ടന്റെ ഈ കരുതലിനു നന്ദി’. ബാദുഷ കുറിച്ചു.