ഞങ്ങൾ അതിനായി കാത്തിരിക്കുന്നു, കൊറോണയൊന്ന് കഴിഞ്ഞോട്ടെ- ​​ശ്രീലക്ഷ്മി ശ്രീകുമാർ

മലയാളികളുടെ പ്രിയ നടൻ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാർ. ചില സിനിമകളിലൂടെയും ബിഗ്‌ബോസിലൂടെയും ശ്രീലക്ഷ്മി പ്രേക്ഷകർക്ക് സുപരിചിതയാണ്. അഞ്ചുവർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്. ദുബായിൽ സ്ഥിരതാമസമാക്കിയ കോമേഴ്‌സ്യൽ പൈലറ്റായ ജിജിൻ ജഹാംഗീറിനെയാണ് വിവാഹം കഴിച്ചത്. കൊല്ലം സ്വദേശിയായ ജിജിനും കുടുംബവും ദുബായിൽ സ്ഥിരതാമസമാക്കിയവരാണ്. 2019 നവംബർ 17 ന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിലായിരുന്നു വിവാഹം.

എന്നും യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തികളാണ് ശ്രീലക്ഷ്മിയും ഭർത്താവ് ജിജിനും. ഇപ്പോഴിതാ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൊവിഡ് തന്റെ ലൈഫിലെ ഏറ്റവും വലിയ ട്വിസ്റ്റായതിനെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
‘എന്റെ ലൈഫിലെ ഏറ്റവും വലിയ ട്വിസ്റ്റ് കൊറോണ ആയിരുന്നു. നവംബറിലായിരുന്നു വിവാഹം. ആ മാസം അവസാനത്തോടെ ദുബായിലെത്തി. അവിടെ എത്തിയിട്ട് വീസയൊക്കെ ശരിയാക്കാനുണ്ടായിരുന്നു. അപ്പോഴേക്കും ജനുവരി ആയി. പക്ഷേ വിവാഹത്തിനു മുന്നേ ഒരുപാട് യാത്രകളും പ്ലാൻ ചെയ്തിരുന്നു. കൊറോണയുടെ ആശങ്ക കൂടിയതോടെ പ്ലാൻ ചെയ്ത യാത്രകളൊക്കെ ലാപ്‌ടോപ്പിൽ ഡോക്യുമെന്റാക്കി വച്ചു. ഇനിയുള്ള യാത്രകൾ കൊറോണ മാറിയിട്ടുവേണം. ആ കാത്തിരിപ്പിലാണ് ഞങ്ങൾ’- താരം പറയുന്നു.

ജഗതി ശ്രികുമാറിന്റെ രണ്ടാം ഭാര്യയായ കലയിലെ മകളാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മി സ്വന്തം മകളാണെന്ന് നടൻ പൊതുസമൂഹത്തെ അറിയിച്ചിട്ടുണ്ടെങ്കിലും ശ്രീലക്ഷ്മിയെ ഇപ്പോഴും ജഗതിയുടെ കുടുംബം അംഗീകരിച്ചിട്ടില്ല. ജഗതി അപകടത്തെതുടർന്ന് കിടപ്പിലായ ശേഷം ഈ മകളെ അച്ഛനെ കാണിക്കാൻ പോലും പലപ്പോഴും ആ കുടുംബം തയ്യാറായിട്ടില്ല. എന്നാലും മലയാളികൾക്ക് ജഗതിയുടെ ഈ മകൾ മറ്റ് മക്കളെക്കാൾ പ്രിയപ്പെട്ടവളാണ്.

ചെറുപ്പത്തിലെ ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നർത്തകി കൂടിയാണ്. ജോലിക്കൊപ്പം നൃത്തവും കലയും താരം ഒപ്പം കൊണ്ടുപോകുന്നുണ്ട്. ശരിയായ ജീവിതപാത കണ്ടത്തൊനും അച്ഛന്റെ അപകടം നിമിത്തമായെന്ന് മുമ്പ് ശ്രീലക്ഷ്മി മനസ് തുറന്നിരുന്നു. താൻ ഏറ്റവും സ്‌നേഹിക്കുന്ന അച്ഛന്റെ മടങ്ങി വരവിനായി കാത്തിരിയ്ക്കുന്നെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു.