കിടക്കാൻ കൂര പോലുമില്ല, കോവിഡ് ബാധിച്ച ​ഗൾഫിൽ മരിച്ച ശ്രീനിവാസന്റെ കുടുംബം കഴിയുന്നത് തകരഷീറ്റിനകത്ത്

പത്തു വർഷത്തോളം അബുദാബിയിലായിരുന്നെങ്കിലും കൊല്ലം ഓച്ചിറ ക്ലാപ്പന നോർത്ത് സ്വദേശി ശ്രീനിവാസന്റെ കുടുംബം അന്തിയുറങ്ങിയത്‌ തകരഷീറ്റിൽ നിർമിച്ച ഒറ്റമുറി വീട്ടിൽ. ഭാര്യ സരിത, മകൻ ശ്രീഹരി, മകൾ ശിവഗംഗ എന്നിവരാണ് ഈ ഒറ്റമുറി വീട്ടിൽ കഴിയുന്നത്. വീടെന്ന സ്വപ്നം ബാക്കിവെച്ചാണ് കോവിഡ് ശ്രീനിവാസന്റെ ജീവിതം കവർന്നെടുത്തത്.

സ്വന്തമായി ഒരു വീടിനായി അടിത്തറപാകിയിരുന്നു ശ്രീനിവാസൻ.ണ്ടര വർഷം മുമ്പാണ് ശ്രീനിവാസൻ അവസാനമായി നാട്ടിലെത്തിയത്. വസ്തു ബാങ്കിൽ പണയപ്പെടുത്തി വീട്‌ നിർമാണം ആരംഭിച്ചെങ്കിലും തറ മാത്രമാണ് പൂർത്തീകരിച്ചത്. എട്ടുവയസ്സുകാരിയായ മകൾ ശിവ​ഗം​ഗ ഓട്ടിസം ബാധിതയാണ്. മകളെ ചികിത്സിക്കാനായാണ് ശ്രീനിവാസനും ഭാര്യ സരിതയും ലഭിച്ച തുക മുഴുവൻ ചിലവഴിച്ചത്. മകൾക്ക് മികച്ച ചികിത്സ തന്നെ നൽകി. അമ്മാ അച്ഛ എന്ന് വിളിക്കാൻ തുടങ്ങിയപ്പോഴേക്കും അച്ഛൻ അവളെ വിട്ട് പോയി.

ഏപ്രിൽ 20ന് ആയിരുന്നു അബുദാബി പൈപ്പ് കമ്പനിയിലെ തൊഴിലാളിയായ ശ്രീനിവാസൻ കോവിഡ് ബാധിച്ചു മരിച്ചത്. മൃതദേഹം ഗൾഫിൽതന്നെ സംസ്കരിച്ചു. 10 വർഷത്തിലേറെ വിദേശത്തായിരുന്ന ശ്രീനിവാസന് കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ല. ഏറെനാളായി ശമ്പളവും ലഭിച്ചിരുന്നില്ല. സന്നദ്ധ പ്രവർത്തകരും സുഹൃത്തുക്കളും നൽകുന്ന ഭക്ഷണ സാധനങ്ങൾക്കൊണ്ടാണ് ഇപ്പോൾ ഈ കുടുംബം ജീവിക്കുന്നത്.

ഇങ്ങനെ പോയാൽ ഞാനും ഇവിടെക്കിടന്നു മരിക്കുമെന്ന് ശ്രീനിവാസൻ ഭാര്യയെ വിളിച്ച് പറഞ്ഞിരുന്നു.. വേദനയോടെ അതു കേട്ടെങ്കിലും അറം പറ്റുമെന്നു സരിത കരുതിയില്ല.