ശ്രീനിവാസൻ കേസിൽ പ്രതികൾ ഉപയോഗിച്ച ബൈക്കുകളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികൾ ഉപയോഗിച്ച ബൈക്കുകളുടെ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തു. കൊല നടത്തിയ ശേഷം പട്ടാമ്പിയിലെ വര്‍ക്ക്ഷോപ്പിൽ എത്തിച്ചാണ് ഇവ പൊളിച്ച് മാറ്റിയത്. കേസിൽ ഇതുവരെ 20 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളടക്കം നാല് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൃത്യത്തിന് ഉപയോഗിച്ച ബൈക്കുകൾ പൊളിച്ചുനീക്കിയ വിവരം പൊലീസിന് കിട്ടിയത്. പട്ടാമ്പി ഓങ്ങല്ലൂരിലെ വര്‍ക്ക്ഷോപ്പിൽ എത്തിയ അന്വേഷണ സംഘം ബൈക്കുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.

മൂന്ന് ബൈക്കുകളിലെത്തിയാണ് ശ്രീനിവാസനെ പ്രതികളെ കൊലപ്പെടുത്തിയത്. ഇതിൽ ഒരു സ്കൂട്ടര്‍ ആദ്യമെ കണ്ടെത്തിയിരുന്നു. മറ്റ് രണ്ട് ബൈക്കുകളാണ് തെളിവ് നശിപ്പിക്കാനായി പൊളിച്ചുനീക്കിയത്. ആക്രിക്കച്ചവടക്കാരുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കിയത്. തെളിവ് നശിപ്പിക്കാൻ പ്രാദേശികമായി സഹായം ചെയ്തവരും പ്രതികളാകും.