വിവാഹം കഴിഞ്ഞ് 16 വര്‍ഷം, ഇപ്പോള്‍ ശ്രീശങ്കറിനും ശാഗിക്കും ന്യൂജെന്‍ വിവാഹം, സാക്ഷിയായി 14കാരന്‍ മകന്‍

പ്രണയിച്ചത് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹിതരായത് 16 വര്‍ഷം മുമ്പ്. എന്നാല്‍ ഇപ്പോള്‍ ശ്രീശങ്കറിനും ശാഗിക്കും ഒരു ആഗ്രഹം ഒന്നുകൂടെ വിവാഹം കഴിക്കണം. ഒടുവില്‍ അവര്‍ വിവാഹിതരായി. എന്നാല്‍ ആദ്യ വിവാഹവുമായി ഒരു വ്യത്യാസം ഉണ്ടായിരുന്നു. എല്ലാത്തിനും സാക്ഷിയായി അവരുടെ മകന്‍ ശിവദമും ഉണ്ടായിരുന്നു.

20 വര്‍ഷം മുമ്പ് 2000 ല്‍ ഫറൂക്ക് കോളജിലെ രസതന്ത്ര-ഊര്‍ജതന്ത്ര പഠനകാലത്തിനിടെ പരിചയപ്പെടുകയും പിന്നീട് പ്രണയിച്ച് വിവാഹം കഴിക്കുകയുമായിരുന്നു ഇവര്‍. 2005 ജനുവരി 16ന് കൊട്ടിയം സ്വയംവര ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം. രണ്ടു കുടംബത്തിലെയും ആദ്യ വിവാഹം ആയതിനാല്‍ അതി ഗംഭീര വിവാഹമായിരുന്നു.

എന്നാല്‍ കാലം കടന്ന് പോയപ്പോള്‍ അവര്‍ക്ക് ഒരു ആഗ്രഹം, തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിച്ച്, ഇഷ്ട ആഭരണം ധരിച്ച്, ഇഷ്ട സ്ഥലത്ത് വെച്ച് വിവാഹം നടത്തി. ന്യൂജെന്‍ വിവാഹം പോലെ ഫോട്ടോഷൂട്ടും പ്രൊമോ വീഡിയോയും ഒക്കെ ചിത്രീകരിച്ചു. ഓണ്‍ലൈന്‍ വഴി ഫൊട്ടോഗ്രഫര്‍ ലക്ഷ്മികാന്തിന്റെ ബിസ്‌പോക് വെഡ്ഡിംഗ് ഫിലിംസ് എന്ന ഗ്രൂപ്പാണ് ഫോട്ടോഗ്രഫി ചെയ്തത്.

എന്നാല്‍ ആദ്യം കാര്യം പറഞ്ഞപ്പോള്‍ ലക്ഷ്മികാന്തിന് സംശയമായിരുന്നു. ഇത് ഫേക്ക് ആണോ റിയാലിറ്റിയാണോ എന്നായിരുന്നു ആശങ്ക. കാര്യങ്ങള്‍ വിശദമായി പറഞ്ഞപ്പോള്‍ ലക്ഷ്മികാന്തും ഒക്കെ പറഞ്ഞു. വര്‍ക്കല മജസ്റ്റിക് റിട്രീറ്റ് ലൊക്കേഷനായി. ഒരു കല്യാണത്തിന് വേണ്ട എല്ലാം ഒരുക്കി. മനസുകൊണ്ടും ശരീരം കൊണ്ടും പുതുപ്പെണ്ണും പുതുമണവാളനുമായി ശങ്കറും രാഗിയും.

ഒടുവില്‍ ആ സ്‌നേഹ നിമിഷങ്ങള്‍ ചേര്‍ത്തുവെച്ച് ആല്‍ബങ്ങള്‍ ഒരുങ്ങി. സ്വപ്‌നങ്ങള്‍ കോര്‍ത്തിണക്കിയ പ്രൊമോ വീഡിയോയും ഒരുങ്ങി. ഒരുക്കങ്ങളുടെ മേക്കിങ് വിഡിയോ കൂടി റെഡിയായാല്‍ വീട്ടുകാരുടെയും കൂട്ടുകാരുടെയും മുന്‍പില്‍ ആ രഹസ്യവും അവര്‍ തുറക്കും. മറ്റൊന്നുമല്ല ഐടി ഫീല്‍ഡില്‍ വര്‍ക്കു ചെയ്യുന്ന ശങ്കറും ബാങ്കില്‍ ജോലിചെയ്യുന്ന ശാഗിയും ചോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥിയായ ശിവദവും ട്രിപ്പാണ് എന്നു പറഞ്ഞ് മുങ്ങിയത് എങ്ങോട്ടാണ് എന്നത്.

‘ഞങ്ങളുടെ അഭിപ്രായത്തില്‍ എല്ലാവരും ഇങ്ങനെ ചെയ്യണം. 10, 15, 25 തുടങ്ങി നമ്മുടെ വിവാഹ വാര്‍ഷികത്തില്‍ വെറുതെ ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യാതെ ഇങ്ങനെ ആയാല്‍ പ്രണയാതുരമായ എത്ര മൊമന്റ്‌സ് ഉണ്ടാകും, മെക്കാനിക്കലാകുന്ന ഈ കാലത്ത് നമ്മെ തന്നെ റിജുവനേറ്റ് ചെയ്യാനുള്ള അവസരം,നമ്മള്‍ കൂടുതല്‍ ഇന്റിമേറ്റ് ആയി ഇടപെടുന്നു, വളരെ അടുത്ത് സംസാരിക്കുന്നു, നൃത്തം ചെയ്യുന്നു, പുതിയകാലത്തു നിന്നുകൊണ്ട് യൗവനത്തിലേയ്ക്ക് മടങ്ങുന്നു”-ശാഗി പറഞ്ഞു.