പൈങ്കിളിയും ചക്കപ്പഴത്തില്‍ നിന്നും പിന്മാറുന്നു, മറ്റൊരു വലിയ ഷോയിലേക്ക് താരം

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ചക്കപ്പഴം. പരമ്പരയിലെ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. നടി ശ്രുതി രജനികാന്തും ചക്കപ്പഴം പരമ്പരയിലൂടെ ശ്രദ്ധേയയായ നടിയാണ്. പൈങ്കിളി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലായിക്കൊണ്ടിരിക്കുന്നത് ശ്രുതിയുടെ പിന്മാറ്റമാണ്. എന്നാല്‍ ശ്രുതി ഇതേ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല.

ബിഗ്‌ബോസ് മലയാളം സീസണ്‍ നാലില്‍ ശ്രുതിയും മത്സരിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ചക്കപ്പഴത്തില്‍ നിന്നും നടി പിന്മാറുന്നു എന്ന വാര്‍ത്തകള്‍ എത്തിയത് വ്‌ലോഗറായ രേവതി ബിഗ്‌ബോസ് മലയാളം സീസണ്‍ നാലിലെ മത്സാര്‍ത്ഥികളുടെ സാധ്യത ലിസ്റ്റ് പങ്കുവെച്ചിരുന്നു. ഇതില്‍ ശ്രുതിയുടെ പേരുമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ശ്രുതി ചക്കപ്പഴത്തില്‍ നിന്നും പിന്മാറുന്നു എന്ന വാര്‍ത്ത പ്രചരിച്ചത്. ബിഗ്‌ബോസ് ഷോയില്‍ പങ്കെടുത്താല്‍ അടുത്ത ആറ് മാസത്തേക്ക് മറ്റ് ചാനലുകളിലെ പരിപാടികളില്‍ പങ്കെടുക്കാനാവില്ല. 100 ദിവസത്തെ ഷോയ്ക്ക് ശേഷവും ഏഷ്യാനെറ്റ് ചാനലുമായി കരാറുണ്ട്. അതേസമയം നടി ബിഗ് ബോസിലേയ്ക്ക് പോകുന്നതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്രുതി എത്തുമോ ഇല്ലയോ എന്നത് ഷോ തുടങ്ങിയതിന് ശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ.

ചക്കപ്പഴത്തില്‍ നിന്നും താരങ്ങള്‍ ഓരോരുത്തരായി പിന്മാറിക്കൊണ്ടിരിക്കുകയാണ്. ആദ്യം പിന്മാറിയത് അര്‍ജുനാണ്. പിന്നാലെ അശ്വതി ശ്രീകാന്ത് പിന്മാറി. ഡെലിവറിയെ തുടര്‍ന്നായിരുന്നു അശ്വതി പിന്മാറിയത്. അശ്വതിക്ക് പിന്നാലെ ശ്രീകുമാറും ചക്കപ്പഴത്തില്‍ നിന്നും മാറുകയായിരുന്നു. താന്‍ പിന്മാറുന്ന കാര്യം ശ്രീകുമാര്‍ തന്നെയായിരുന്നു തുറന്ന് പറഞ്ഞത്.

ശ്രീകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ” നമസ്‌കാരം, ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും കാലം നിങ്ങള്‍ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഇനി ഉത്തമനായി ഞാന്‍ തുടരുന്നില്ല. എന്റെ കലാജീവിതത്തില്‍ എന്നും നിങ്ങള്‍തന്നുകൊണ്ടിരിക്കുന്ന പിന്തുണ ഒരു വലിയ ശക്തി തന്നെയാണ്. ഇനി അങ്ങോട്ടും പുതിയ സിനിമകള്‍ക്കും പ്രോഗ്രാമുകള്‍ക്കും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ അറിയിക്കാം… എന്നായിരുന്നു നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നടന്റെ ഈ പിന്‍മാറ്റം പ്രേക്ഷകരില്‍ ഏറെ നിരാശ സൃഷ്ടിച്ചിരുന്നു. പിന്‍മാറിയതിന്റെ കാരണം ആരാഞ്ഞ് പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു . എന്തുകൊണ്ട് പിന്മാറി എന്നത് ഒറ്റവാക്കില്‍ എഴുതാന്‍ സാധിക്കില്ലെന്നും ലൈവില്‍ വന്ന് കാര്യം അറിയിക്കാമെന്നും നടന്‍ മറ്റൊരു പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. അതേസമയം ശ്രീകുമാറിന് പകരം മറ്റൊരു താരം ഉടന്‍ എത്തുമെന്നാണ് അണിയര പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിനിടക്കാണ് ശ്രുതിയുടെ പിന്‍മാറ്റം.