എസ്എസ്എൽസി ഉത്തരകടലാസ് പെരുവഴിയിൽ; ആദ്യ ദിനം ഗുരുതര അനാസ്ഥ

കോഴിക്കോട്: സംസ്ഥാനത്ത് പരീക്ഷാ നടത്തിപ്പിൽ വീണ്ടും ഗുരുതര അനാസ്ഥ. ഇന്നലെ നടന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരകടലാസുകൾ വഴിയരികിൽ കണ്ടെത്തി. മലയാളം, സംസ്കൃതം, അറബിക് പരീക്ഷഖളുടെ ഉത്തരകടലാസുകളാണ് കണ്ടെത്തിയത്. കായണ്ണ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഉത്തരകടലാസുകളാണിവ. സ്കൂളിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കുറ്റിവയലിലാണ് ഇവ കണ്ടെത്തിയത്. ബൈക്കിൽ കൊണ്ടുപോയ കെട്ട് പൊട്ടി ഉത്തര കടലാസ് പുറത്തു വീണതാണെന്ന നിഗമനത്തിലാണ് പ്രദേശവാസികൾ.

നിർണായകമായ എസ്എസ്എൽസി പരീക്ഷയുടെ ഉത്തര കടലാസുകളാണ് ഇത്തരത്തിൽ കാണപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ഇവ കിട്ടിയത്. 55 വിദ്യാർഥികളാണ് ഈ സ്കൂളിൽ പരീക്ഷയെഴുതുന്നത്. 3.30ന് അവസാനിച്ച പരീക്ഷയിലെ 3 വിഷയങ്ങളുടെയും ഉത്തരക്കടലാസുകൾ വെവ്വേറെ കെട്ടുകളാക്കി ഹെഡ് പോസ്റ്റ് ഓഫിസിൽ നിന്നു തിരുവനന്തപുരത്തേക്ക് അയയ്ക്കാനായി സ്കൂൾ ഓഫിസ് അസിസ്റ്റന്‍റ് വശം കൊടുത്തയച്ചതാണെന്ന് സ്കൂൾ അധികൃതർ പറയുന്നു. കോഴിക്കോട് ഉപ വിദ്യാഭ്യാസ ഡയറക്ടർ ഇ.കെ.സുരേഷ് കുമാർ സ്‌കൂളിലെത്തി പരിശോധന നടത്തി.