എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു; റെക്കോഡ് വിജയം, 99.47% വിജയശതമാനം

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.47 ആണ് വിജയശതമാനം. കഴിഞ്ഞവര്‍ഷം 98.82 ശതമാനമായിരുന്നു വിജയശതമാനം. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് വിജയ ശതമാനം 99 കടക്കുന്നത്. വിജയശതമാനം ഏറ്റവും കൂടുതലുളള റവന്യൂ ജില്ലാ പാലായും വിദ്യാഭ്യാസ ജില്ല കണ്ണൂരുമാണ്.

കൊവിഡ് മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധിക്കിടയിലും മികവാര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും അവര്‍ക്ക് പിന്തുണ നല്‍കിയ അദ്ധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. 1,21,318 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുന്‍ വര്‍ഷം 41,906 പേര്‍ക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്.

7,838 വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടിയ മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേര്‍ എ പ്ലസ് നേടിയത്. ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും നടന്നത്. ഗ്രെയ്‌സ് മാര്‍ക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

എന്നാല്‍ മൂല്യനിര്‍ണയം ഉദാരമായിരുന്നു. സേ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. പരമാവധി ഒരു വിദ്യാര്‍ത്ഥിക്ക് മൂന്ന് വിഷയത്തിന് സേ പരീക്ഷ എഴുതാം.