സംസ്ഥാന സർക്കാരിന്റെ മുസ്ലീം പ്രീണന നയങ്ങൾ; രൂക്ഷ വിമർശനവുമായി എം ടി രമേശ്

തിരുവനന്തപുരം: ‘ഭരണഘടനക്ക് അനുസരിച്ചാണോ ശരീഅത്തിന് അനുസരിച്ചാണോ പിണറായി വിജയൻ ഭരണം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. സംസ്ഥാന സർക്കാരിന്റെ മുസ്ലീം പ്രീണന നയങ്ങൾക്കെതിരെ അദ്ദേഹത്തിന്റെ വിമർശനം. മുസ്ലീം മതനേതാക്കൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കുകയാണെന്നും എം ടി രമേശ് പരിഹസിച്ചു.

തുല്യനീതിയും തുല്യ അവസരവും ലിംഗസമത്വവും രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന പ്രധാനപ്പെട്ട ആശയങ്ങളാണ്. സർക്കാർ ഭരണഘടനാപരമായ കാര്യങ്ങളാണ് പാലിക്കേണ്ടത്. . അത് നടപ്പിലാക്കുക എന്നതാണ് ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്ന ഒരു ഭരണകൂടത്തിന്റെ പ്രാഥമിക ബാദ്ധ്യത. പക്ഷേ കുറച്ചു കാലമായി സംസ്ഥാന സർക്കാർ ഭരണഘടനാപരമായ തത്വങ്ങളേയും മൂല്യങ്ങളേയും പിന്തുടരാനല്ല ശ്രമിക്കുന്നത്. അതിന് പകരം മതമൗലികവാദികളുടെയും മതസംഘടനകളുടെയും സ്ഥാപിത താത്പര്യങ്ങൾക്ക് അനുസരിച്ചാണ് സർക്കാരിന്റെ നീക്കം.

കുടുംബശ്രീയുടെ ലിംഗസമത്വ പ്രതിജ്ഞ പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനം, മുസ്ലീം സംഘടനകൾക്ക് മുന്നിൽ സർക്കാർ പഞ്ചപുച്ഛമടക്കി മുട്ടുമടക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ഇതാദ്യമല്ല സമസ്തയുടെ തീരുമാനങ്ങൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കുന്നതെന്നും എം ടി രമേശ് കുറ്റപ്പെടുത്തി. വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടാൻ സർക്കാർ എടുത്ത തീരുമാനം പിൻവലിച്ചത് സമസ്തയുടെ ഭീഷണിക്ക് വഴങ്ങിയിട്ടാണ്.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചതും മുസ്ലീം സംഘടനകളുടെ ഭീഷണിക്ക് വഴങ്ങിയായിരുന്നു. ജൻഡർ ന്യൂട്രാലിറ്റിയുടെ ഭാഗമായി യൂണിഫോം പരിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയതും സമസ്തയുടെ ഭീഷണിയെ തുടർന്നാണെന്നും എം ടി രമേശ് വ്യക്തമാക്കി.