ഡല്‍ഹിയില്‍ നിയമ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; മൂന്ന് പേര്‍ കസ്റ്റഡിയില്‍

ഡല്‍ഹിയിലെ സിദ്ദിഥ് നഗറില്‍ ഓടയില്‍ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ജൂണ്‍ 26 മുതല്‍ കാണാതായ നിയമ വിദ്യാര്‍ത്ഥി യാഷ് റസ്‌തൊഗി (22) എന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

യാഷ് റസ്‌തൊഗിയുടെ കൊലപാതക കേസില്‍ മൂന്ന് പ്രതികളാണുള്ളതെന്ന് പോലീസ് പറഞ്ഞു. പ്രതികളായ അലിഷാന്‍, സലിം, ഷാവേസ് എന്നിവര്‍ക്ക് യാഷുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇവരുടെ സ്വകാര്യ വീഡിയോചിത്രകരിച്ച ശേഷം യാഷ് ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. 40,000 രൂപ ഇതുമായി ബന്ധപ്പെട്ട് യാഷ് ഇവരുടെ കൈയില്‍ നിന്നും തട്ടിയെടുത്തു. കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു.

കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ മൃതദേഹം ചാക്കിലാക്കി ഓടയില്‍ വലിച്ചെറിയുകയായിരുന്നു. ഭീഷണി കൂടിയപ്പോള്‍ ഷാവേസാണ് യാഷിനെ വിളിച്ച് വരുത്തിയത്. ഇവര്‍ തമ്മില്‍ നടന്ന തര്‍ക്കത്തിനൊടുവില്‍ യാഷ് കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.